ന്യൂയോര്‍ക്: ലണ്ടന്‍, പാരിസ്, മോസ്കോ, ബ്രസല്‍സ്, അങ്കാറ, മാഡ്രിഡ്, ന്യൂയോര്‍ക് തുടങ്ങി ലോകരാജ്യങ്ങളിലെ സുപ്രധാന നഗരങ്ങളുടെ പുതുവത്സരാഘോഷം ആക്രമണഭീതിയില്‍ മുങ്ങി. ബ്രസല്‍സ് എല്ലാ ആഘോഷങ്ങളും നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം ബ്രസല്‍സില്‍ പുതുവത്സരാഘോഷത്തിന് ലക്ഷത്തിലേറെ പേരാണ് തെരുവുകളിലിറങ്ങിയത്. എന്നാല്‍, ആക്രമണം ഭയന്ന് ഇത്തവണ ആരും വീടുകളില്‍നിന്ന് പുറത്തിറങ്ങിയില്ല. കാതലയ്ക്കുന്ന വെടിക്കെട്ട് ശബ്ദം തെരുവുകളില്‍നിന്നുയര്‍ന്നില്ല. നക്ഷത്രശോഭയോടെ തിളങ്ങേണ്ടിയിരുന്ന ബ്രസല്‍സിന്‍െറ തെരുവുകള്‍ ഇക്കുറി ഇരുളിലാവും. ആഘോഷവേളയില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടതായ രഹസ്യസന്ദേശം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇവിടെ തീവ്രവാദബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടുപേരെ ചോദ്യംചെയ്യുകയാണ്. ആറുപേരെ കൂടി അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുണ്ട്.
ഒരാള്‍ക്ക് പാരിസ് ആക്രമണവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ബ്രസല്‍സിലെ കരിമരുന്നുപ്രയോഗവും ആട്ടവും പാട്ടും നിറഞ്ഞ ഉല്ലാസരാത്രി ആയിരങ്ങളെയാണ് ആകര്‍ഷിച്ചിരുന്നത്. എന്നാല്‍, ഇത്തവണ റിസ്കെടുക്കാന്‍ വയ്യെന്ന് മേയര്‍ സൂചിപ്പിച്ചു.
ലണ്ടനിലെയും പാരിസിലെയും തെരുവുകളില്‍ സുരക്ഷാസൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു. എല്ലാ പുതുവത്സരദിനത്തിലും ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്ന മോസ്കോയിലെ ചുവന്ന ചത്വരം അടച്ചു. തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ മോസ്കോ ആണെന്നത് ആര്‍ക്കും അറിയാമെന്ന് മേയര്‍ സെര്‍ജി സൊബ്യാനിന്‍ പറഞ്ഞു.
പാരിസിലെ ചാംസ് എലിസീസില്‍ എല്ലാ വര്‍ഷവും നടത്താറുണ്ടായിരുന്ന കരിമരുന്നുപ്രയോഗവും മാറ്റിവെച്ചു. തലസ്ഥാനനഗരിയില്‍ പൊലീസും സൈന്യവും പട്രോളിങ് തുടരുകയാണ്. രാജ്യത്തുടനീളം 60,000ത്തിലേറെ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. എന്നാല്‍, പാരിസില്‍ ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കൂടിച്ചേരലുകള്‍ക്ക് മാറ്റമുണ്ടാകില്ല. ജനുവരിയിലെ തീവ്രവാദ ആക്രമണത്തിന്‍െറ നടുക്കം വിട്ടുമാറിയിട്ടില്ലാത്ത ഷാര്‍ലി എബ്ദോ ആക്ഷേപഹാസ്യ മാഗസിന്‍ കൊല്ലപ്പെട്ട ജീവനക്കാരുടെ ഓര്‍മ പുതുക്കി പ്രത്യേക പതിപ്പ് പുറത്തിറക്കും. ജനുവരി ആറിന് പുറത്തിറക്കുന്ന പതിപ്പിന്‍െറ ദശലക്ഷം കോപ്പികള്‍ വിറ്റുപോകുമെന്നാണ് കരുതുന്നത്.
ലണ്ടനില്‍ 3000 പേരടങ്ങുന്ന സൈന്യത്തെ വിന്യസിച്തായി സ്കോട്ലന്‍ഡ് യാഡ് വ്യക്തമാക്കി. മഡ്രിഡില്‍ 600 പൊലീസുകാരാണ് നഗരത്തിലുടനീളം റോന്തുചുറ്റുന്നത്. പുറേറ്റ ദെല്‍ സോള്‍ ചത്വരത്തിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം 25,000 ആയി കുറച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ തലസ്ഥാനനഗരിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഐ.എസ് തീവ്രവാദികളെ പൊലീസ് പിടികൂടിയിരുന്നു. അതിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
സെപ്റ്റംബറില്‍ അങ്കാറയില്‍ ചാവേറാക്രമണത്തില്‍ 130 പേര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്‍െറ നടുക്കത്തില്‍നിന്ന് പലരും മോചിതരായിട്ടില്ല. ന്യൂയോര്‍ക് സിറ്റിയില്‍ പുതുവത്സരത്തിന് പതിവായി ലക്ഷക്കണക്കിനാളുകളാണ് ഒരുമിച്ചുകൂടുക. ആക്രമണസാധ്യത മുന്‍നിര്‍ത്തി ഇവിടെ 6000ത്തിലേറെ പൊലീസിനെ അധികമായി വിന്യസിച്ചിട്ടുണ്ട്. മുമ്പില്ലാത്തവിധം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. തീവ്രവാദ ആക്രമണം ചെറുക്കാന്‍ പരിശീലനം ലഭിച്ച 500 പൊലീസുകാരുടെയും കാവലുണ്ട് നഗരത്തിന്.
സോമാലിയയില്‍ ആക്രമണഭീഷണി മുന്‍നിര്‍ത്തി ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജര്‍മനിയിലേക്ക് 2015ല്‍ എത്തിയത് ദശലക്ഷം അഭയാര്‍ഥികളാണ്. അഭയാര്‍ഥികേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.