അഞ്ചംഗ മുസ്ലിം കുടുംബത്തെ അമേരിക്കന്‍ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

ന്യൂയോര്‍ക്: അഞ്ചംഗ മുസ്ലിം കുടുംബത്തെ യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. ഈമാന്‍ ആമി സഅദ് ശിബ്ലി എന്ന യുവതിയെയും  ഭര്‍ത്താവിനെയും മൂന്ന് കുട്ടികളെയുമാണ് ഷികാഗോ എയര്‍പോര്‍ട്ടില്‍നിന്ന് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്.
ഷികാഗോയില്‍ നിന്ന് വാഷിങ്ടണിലേക്ക് പോകുകയായിരുന്നു കുടുംബം. തങ്ങളോട് കാണിക്കുന്നത് വിവേചനമല്ളേ എന്ന് ശിബ്ലി ചോദിച്ചപ്പോള്‍  വിമാനത്തിന്‍െറ സുരക്ഷയുടെ പ്രശ്നമാണ് എന്നായിരുന്നു പൈലറ്റിന്‍െറ മറുപടി.
വിമാനത്തില്‍നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട്  എയര്‍ഹോസ്റ്റസും  പൈലറ്റും  സംസാരിക്കുന്ന രണ്ട് വിഡിയോകള്‍ ശിബ്ലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇളയ മകള്‍ ഇരുന്ന സീറ്റിന് സുരക്ഷക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ഹോസ്റ്റസിനോട് ശിബ്ലി അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ആദ്യം ഹോസ്റ്റസും പിന്നീട് പൈലറ്റും വന്ന് ദമ്പതികളോട് സംസാരിക്കുന്നതും വിമാനത്തില്‍നിന്ന് ഇറക്കിവിടുന്നതും.
സംഭവത്തിന്‍െറ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ശിബ്ലി ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ‘‘യുനൈറ്റഡ് എയര്‍ലൈന്‍സ്, നിങ്ങളെ കുറിച്ചോര്‍ത്ത് നാണിക്കുന്നു.  ഞങ്ങളുടെ വേഷവിധാനം ഒന്നുകൊണ്ടുമാത്രമാണ് നിങ്ങള്‍ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. മോശമായ അനുഭവത്തെ കുറിച്ച് മനസ്സിലാക്കാന്‍പോലും പ്രായമായിട്ടില്ല എന്‍െറ മൂന്നു കുട്ടികള്‍ക്കും’’ -അവര്‍ ഫേസ്ബുക്കില്‍ പറയുന്നു.
കുടുംബത്തോട് മോശമായി പെരുമാറിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ യുനൈറ്റഡ് എയര്‍ലൈന്‍സിന് കത്ത് അയച്ചു.
വിമാനത്തില്‍നിന്ന് തങ്ങളെ ഇറക്കിവിട്ടതിന് യുനൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ മാപ്പു പറയണമെന്നാണ് കുടുംബത്തിന്‍െറ ആവശ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.