കൊളംബിയയില്‍ 3177 ഗര്‍ഭിണികള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു

ബാഗോട്ട: ബ്രസീലില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട സിക വൈറസ് അമേരിക്കന്‍ ഭൂഖണ്ഡത്തിലൂടെ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. കൊളംബിയയില്‍ 3177 ഗര്‍ഭിണികള്‍ക്കാണ് ശനിയാഴ്ച സിക വൈറസ് സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ജുവാന്‍ മാനുവല്‍ സാന്‍ഡോസാണ് വിവരം പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 25,600 ആയി. എന്നാല്‍, തലച്ചോറിന്‍െറ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുന്ന മൈക്രോസെഫാലി കുഞ്ഞുങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൈക്രോസെഫാലിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും കൊതുകുകളിലൂടെ പടരുന്ന സിക വൈറസ് നിയന്ത്രണവിധേയമാക്കാന്‍ യു.എസ് വൈദ്യസംഘം കൊളംബിയയിലത്തെുമെന്നും സാന്‍ഡോസ് പറഞ്ഞു.
സിക വൈറസിലൂടെ ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിച്ച് മൂന്നു പേര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. കൊളംബിയയിലെ നോര്‍ത് ഡി സാന്തന്‍ഡേര്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സിക വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 5000ത്തോളം പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. അതില്‍ 31 ശതമാനവും ഗര്‍ഭിണികളാണ്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ സാന്‍ഡ മാര്‍ത്ത, കാര്‍ട്ടജെന എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം 11,000ത്തിലധികമാണ്. സിക വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് നിയന്ത്രണങ്ങളോടെ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരിലാദ്യമായി ഒരാള്‍ ഗര്‍ഭച്ഛിദ്രം നടത്തിയതായി പ്രാദേശിക ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 22 അമേരിക്കന്‍ രാജ്യങ്ങളിലാണ് സിക വൈറസ് പടരുന്നത്. രോഗത്തിന്‍െറ ഉറവിടകേന്ദ്രമായ ബ്രസീലില്‍ 4000 കുഞ്ഞുങ്ങളില്‍ മൈക്രോസെഫാലി ബാധിച്ചു.
മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറസില്‍ സിക വൈറസിനെ തുടച്ചുനീക്കാനുള്ള തീവ്രയജ്ഞങ്ങള്‍ നടന്നുവരുകയാണ്. രാജ്യത്തെ 2,00,000ത്തിലേറെ വരുന്ന ജനങ്ങള്‍ കഴിഞ്ഞ ദിവസം തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതുവരെ 4400 കേസുകളാണ് സിക വൈറസുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്‍െറ പൊതുശത്രുവായി പരിഗണിച്ച് സികക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് ഹോണ്ടുറസ് പ്രസിഡന്‍റ് ജുവാന്‍ ഓര്‍ലാന്‍ഡോ ഹെര്‍ണാണ്ടസ് ആഹ്വാനം ചെയ്തു. സിക വൈറസ് മൂത്രത്തിലൂടെയും ഉമിനീരിലൂടെയും പകരുമെന്ന് ബ്രസീലിലെ ഒസ ക്രഡ് ഫൗണ്ടേഷന്‍ കണ്ടത്തെിയിരുന്നു. ലൈംഗികബന്ധത്തിലൂടെ വൈറസ് പകരുമെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് രോഗം പരത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.