ബൊളീവിയ: മൊറലിസിന് നാലാം ഊഴത്തിന് സാധ്യതയില്ല

സുക്ര: ലാറ്റിനമേരിക്കയിലെ ഇടത് വസന്തത്തിന്‍െറ പ്രതിനിധികളിലൊരാളായി വാഴ്ത്തപ്പെട്ട ഇവോ മൊറലിസിന് അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ളെന്ന് സൂചന. നാലാം തവണയും മത്സരിക്കാന്‍ ഭരണഘടന ഭേദഗതി വരുത്തുന്നത് തീരുമാനിക്കാന്‍ നടന്ന ഹിതപരിശോധനയില്‍ മൊറലിസ് പരാജയപ്പെട്ടെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫലങ്ങളിലൊന്നില്‍ മൊറലിസ് 47.7 ശതമാനം വോട്ടുകളിലൊതുങ്ങിയെന്ന് വ്യക്തമാക്കുമ്പോള്‍ 49 ശതമാനം വോട്ട് നേടുമെന്നാണ് രണ്ടാമത്തേതിലെ സൂചന. ഹിതപരിശോധനയില്‍ കേവലഭൂരിപക്ഷം നേടിയാല്‍ 2025 വരെ പ്രസിഡന്‍റ് പദവിയില്‍ തുടരാന്‍ മൊറലിസിനാകും. 2006 ജനുവരിയില്‍ ആദ്യമായി അധികാരത്തിലത്തെിയ മൊറലിസ് മൂന്നുതവണ തുടര്‍ച്ചയായി രാജ്യത്തിന്‍െറ പ്രസിഡന്‍റായി. ജനകീയതയില്‍ ഇപ്പോഴും മുന്നിലുള്ള അദ്ദേഹത്തിന്‍െറ കാലാവധി 2020ല്‍ അവസാനിക്കും. ഇത് മറികടക്കാനാണ് ഹിതപരിശോധന നടന്നതെങ്കിലും ജനം അനുകൂലമായി വോട്ടുചെയ്യാത്തത് മൊറലിസിന് തിരിച്ചടിയാകും. എന്നാല്‍, യഥാര്‍ഥ ഫലങ്ങള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നാണ് മൊറലിസ് പക്ഷം പറയുന്നത്.
ആദ്യമായി അധികാരത്തിലത്തെിയ ഉടന്‍ എണ്ണ, പ്രകൃതിവാതക മേഖല ദേശസാത്കരിച്ച് ജനപ്രിയതയാര്‍ജിച്ച മൊറലിസ് 2008ല്‍ ഹിതപരിശോധനയിലൂടെ പുതിയ ഭരണഘടനക്ക് അംഗീകാരം നേടിയെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.