വാഷിങ്ടൺ: കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയുമായുള്ള സംഘർഷത്തെ തുടർന്നുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
20 ജവാന്മാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സംഘർഷം ഒഴിവാക്കാൻ ഇന്ത്യയും ചൈനയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സമാധാനപരമായ പരിഹാരത്തിന് അമേരിക്ക പിന്തുണ നൽകും.
ജൂൺ രണ്ടിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ ഇന്ത്യ- ചൈന അതിർത്തി വിഷയം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഗൽവാൻ താഴ്വരയുടെ പരമാധികാരം തങ്ങൾക്കെന്ന് ചൈന
ബെയ്ജിങ്: ലഡാക്കിലെ ഗൽവാൻ താഴ്വരയുടെ പരമാധികാരം എന്നും തങ്ങൾക്കായിരുന്നുവെന്നും കൂടുതൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ചൈന. അതിർത്തിയിൽ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയപ്പോൾ തങ്ങളുടെ ഭാഗത്ത് ആളപായമുണ്ടായതിനെക്കുറിച്ച് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ വക്താവ് ഷാഹോ ലിജിയൻ വിസമ്മതിച്ചു. അതേസമയം, ഗൽവാൻ താഴ്വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ തർക്കത്തിന് വഴിവെച്ചേക്കും.
തിങ്കളാഴ്ച രാത്രി നടന്ന സംഘർഷത്തിൽ ചൈനയുടെ 43 സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വക്താവ് ഒഴിഞ്ഞുമാറിയത്. ഇന്ത്യ-ചൈന അതിർത്തിയിലെ വിഷയം പരിഹരിക്കാൻ ഇരു വിഭാഗവും നയതന്ത്ര, സൈനിക തലങ്ങളിൽ ശ്രമം തുടരുകയാണ്. അതിർത്തിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് അതിർത്തിയിൽ സമാധാനം ഉറപ്പു വരുത്തുമെന്ന് ഇന്ത്യയും ചൈനയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.