മൈക്രോസോഫ്റ്റിന് ഗുരുതര തകരാർ; ബാങ്ക്, വിമാനത്താവളങ്ങൾ എന്നിവയു​ടെയെല്ലാം പ്രവർത്തനം തടസ്സപ്പെട്ടു

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോഗിച്ച പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ സാ​ങ്കേതിക തകരാർ മൂലം എയർലൈൻ മുതൽ ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റി. വെള്ളിയാഴ്ചയാണ് സാ​ങ്കേതിക തകരാർ ഉണ്ടായത്. ബ്ലൂ സ്ക്രീൻ ഡെത്ത് എന്ന പേരിലറിയപ്പെടുന്ന പ്രശ്നമാണ് മൈക്രോസോഫ്റ്റിന് ഉണ്ടായത്. ഇതുമൂലം ആളുകൾക്ക് മെക്രോസോഫ്റ്റ് സോഫ്റ്റ്​വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രൗഡ് സ്ട്രൈക്ക് എന്ന സ്ഥാപനം നൽകിയ അപ്ഡേറ്റാണ് മൈക്രോസോഫ്റ്റിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. വിൻഡോസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഗുരുതര പ്രശ്നമുണ്ടാവുമ്പോഴാണ് നീല നിറത്തിലുള്ള സ്ക്രീനും അതിനൊപ്പം മുന്നറിയിപ്പ് സന്ദേശവും പ്രത്യക്ഷപ്പെടാറ്. നിലവിൽ വ്യാപകമായി ഇത്തരം പ്രശ്നമുണ്ടാകുന്നുവെന്നാണ് യൂസർമാർ പരാതിപ്പെടുന്നത്.

തകരാർ മൂലം വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി മാധ്യമങ്ങളുടെ വരെ പ്രവർത്തനം താളംതെറ്റി. ഇന്ത്യയിൽ ഡൽഹി,മുംബൈ വിമാനത്താവളങ്ങളിൽ പ്രവർത്തനത്തെ തകരാർ ബാധിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ എയർലൈനുകളെല്ലാം തന്നെ മൈ​ക്രോസോഫ്റ്റിന്റെ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചു.യു.എസ്, ന്യൂസിലാൻഡ്, ആസ്ട്രേലിയ പോലുള്ള ​രാജ്യങ്ങളിലെ വിമാന സർവീസും മൈക്രോസോഫ്റ്റ് തകരാറിൽ കുടുങ്ങി.

ആഗോളതലത്തിൽ ആംസ്റ്റർഡാം, ബെർലിൻ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ്, കെ.എൽ.എം തുടങ്ങിയ വിമാന കമ്പനികളേയും പ്രശ്നം ബാധിച്ചു. യു.കെയിലെ ചില വിമാനത്താവളങ്ങളിൽ ബോർഡിങ് പാസ് സ്കാനറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ല. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്, വാർത്താ ചാനലായ സ്കൈ ന്യൂസ് എന്നിവയും പ്രവർത്തനവും അവതാളത്തിലായി. ആശുപത്രികളുടെ പ്രവർത്തനവും യു.കെയിൽ തടസപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Bank, airport, media outlet services hit globally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.