വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരം പാതിവഴിയിൽ പ്രസിഡന്റ് ജോ ബൈഡൻ ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴം ലക്ഷ്യമിട്ടാണ് ബൈഡൻ ഗോദയിലിറങ്ങിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായിരുന്ന ഡോണൾഡ് ട്രംപിനെതിരെ മത്സരിച്ചാൽ വിജയിച്ചേക്കില്ലെന്ന മുതിർന്ന ഡെമോക്രാറ്റ് നേതാക്കളുടെ വിലയിരുത്തൽ ബൈഡൻ അംഗീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം സ്ഥാനാർഥിയായി മുതിർന്ന നേതാക്കൾ നിർദേശിച്ചിട്ടുള്ളത്. ബൈഡൻ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമയും അഭിപ്രായപ്പെട്ടു. നാൻസി പെലോസിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഒബാമ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒബാമയുടെ അതേ അഭിപ്രായം തന്നെയായിരുന്നു നാൻസി പെലോസിക്കുമെന്നും പത്രം പറയുന്നു.
അതേസമയം ബൈഡൻ പിൻമാറിയേക്കുമെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പൂർണമായും തെറ്റാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. മത്സരിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. പിന്നെയതിൽ മറ്റൊരു ചോദ്യവും ഉയരുന്നില്ലെന്നും ബൈഡന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന കെഡ്രിക് റിച്ച്മോണ്ട് പറഞ്ഞു.
നേരത്തേ ട്രംപുമായുള്ള സംവാദത്തിൽ ബൈഡന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ട്രംപിന്റെ പല ചോദ്യങ്ങൾക്കും ഉത്തരം പറയാനാകാതെ കുഴങ്ങിയ ബൈഡനെയാണ് ആളുകൾ കണ്ടത്. ഇതോടെ ബൈഡന് മത്സരത്തിന് ഫിറ്റ് അല്ലെന്നും അദ്ദേഹത്തിന് പ്രായാധിക്യ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വിലയിരുത്തൽ വന്നു. അതിനിടെ പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ വധശ്രമം പോലും ട്രംപ് വോട്ടാക്കി മാറ്റുമെന്ന് നിരീക്ഷണങ്ങളുണ്ടായി. തുടർന്നാണ് ട്രംപിനെതിരെ ബൈഡനെ മാറ്റി കരുത്തരായ മറ്റൊരാളെ രംഗത്തിറക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നത്.
നിലവിൽ കോവിഡ് ബാധിച്ച് റെഹോബോത്തിലെ അവധിക്കാല വസതിയില്‍ നിരീക്ഷണത്തിലാണ് ബൈഡൻ. 81 വയസ് കഴിഞ്ഞു അദ്ദേഹത്തിന്. കോവിഡിന്റെ നേരിയ ലക്ഷണങ്ങളേ ബൈഡനുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടർ പറയുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞാൽ താൻ മത്സരത്തിൽ നിന്ന് പിൻമാറുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തത വരുത്തുകയും ചെയ്തു. ഇതിനർഥം മത്സരത്തിൽ ഉറച്ചു നിൽക്കാനാണ് ബൈഡൻ ആഗ്രഹിക്കുന്നതെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.