വാഷിങ്ടൺ: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെ വിമർശിച്ച് യു.എസ് ബഹിരാകാശ ഏജൻസ ിയായ നാസ. പരീക്ഷണം ബഹിരാകാശ മാലിന്യം സൃഷ്ടിച്ചെന്ന യു.എസ് ആരോപണത്തിനു പിന്നാലെയാണ് നാസയുടെ വിമർശനം. പരീക്ഷണത്തിെൻറ ഭാഗമായി ഇന്ത്യയുടെ കൃത്രിമോപഗ്രഹം ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു തകർത്തതു ഭീകരമായ പ്രവൃത്തിയായിപ്പോയി.
തകർത്ത ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റൈന് പറഞ്ഞു. നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറു കഷണങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങൾ പൂർണമായി കണ്ടെടുക്കാൻ സാധിക്കില്ല. 10 സെൻറിമീറ്ററോളം വലുപ്പമുള്ള 60 കഷണങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താൻ സാധിച്ചത്. അതിനെക്കാൾ ചെറിയ കഷണങ്ങൾ കണ്ടെടുക്കാൻ സാധിക്കില്ല. അവശിഷ്ടങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനും സാധ്യതയുണ്ടെന്നും ജിം ചൂണ്ടിക്കാട്ടി. ഭൂമിയിൽനിന്ന് 300 കിലോമീറ്റർ മാത്രം അകലെയുള്ള കൃത്രിമോപഗ്രഹമാണ് ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകർത്തത്. ബഹിരാകാശ നിലയത്തിൽനിന്ന് ഏറെ താഴെയാണ് ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിെൻറ 24 കഷണങ്ങൾ ബഹിരാകാശ നിലയത്തിെൻറ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വർധിപ്പിച്ചെന്നും അദ്ദേഹം വിലയിരുത്തുന്നു.
ബഹിരാകാശത്ത് അധികം വലുപ്പമുള്ള 23,000ത്തോളം വസ്തുക്കൾ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബഹിരാകാശത്തെ അലങ്കോലമാക്കരുതെന്നായിരുന്നു ഇന്ത്യയോട് യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ ആവശ്യപ്പെട്ടത്. ബഹിരാകാശത്തെ കിടമത്സരത്തിെൻറ ലക്ഷണമായി ഇന്ത്യൻ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണം. ഒരുപാടുകാലം നിൽക്കാതെ മാലിന്യം കത്തിത്തീരുമെന്നും ഷാനഹാൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ദൗത്യം പരീക്ഷിച്ചത് അധികം ഉയരത്തിലല്ലാത്തതിനാൽ പ്രശ്നം കുറവാണെന്നായിരുന്നു ഇന്ത്യയുടെ വിലയിരുത്തൽ. 2007ൽ ചൈന നടത്തിയ ഉപഗ്രഹവേധം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്നു അത്. അന്ന് ചൈന നടത്തിയ എ സാറ്റ് മിസൈല്‍ പരീക്ഷണത്തിെൻറ ഭാഗമായി തകര്‍ന്ന ഫെങ് യുന്‍-1സി ഉപഗ്രഹത്തിെൻറ അവശിഷ്ടങ്ങൾ 2013ല്‍ ഒരു റഷ്യന്‍ ഉപഗ്രഹം തകർത്തുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മാർച്ച് 27നാണ് ‘മിഷൻ ശക്തി’ എന്നു പേരിട്ട ഉപഗ്രഹവേധ മിസൈൽ (എ-സാറ്റ്) പരീക്ഷണം മൂന്നു മിനിറ്റിൽ ലക്ഷ്യംകണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.