വാഷിങ്ടൺ: മുൻ കാമുകിക്ക് ചായയിൽ ഗർഭഛിദ്ര ഗുളിക കലക്കി നൽകുകയും ഗർഭം അലസുകയും ചെയ്ത കേസിൽ ഡോക്ടർക്ക് മൂന്ന് വർഷം തടവ്. സികന്ദർ ഇമ്രാൻ എന്നയാൾക്കാണ് യു.എസ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾ വാഷിങ്ടണിലെ മെഡ്സ്റ്റാർ ജോർജ് ടൗൺ ആശുപത്രിയിലെ ഡോക്ടറായിരുന്നു. സികന്ദറിന്‍റെ മുൻ കാമുകി ബ്രൂക് ഫിസ്ക് ശിക്ഷ ഇളവ് ചെയ്ത് നൽകാൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണിലാണ് സികന്ദർ ഇമ്രാനെതിരെ നിയമവിരുദ്ധ ഗർഭഛിദ്രത്തിനും തുടർന്ന് ഗർഭം അലസിയതിനും കേസെടുത്തത്. ഇമ്രാനും ഫിസ്കും മൂന്ന് വർഷമായി ന്യൂയോർക്കിലാണ് താമസിച്ചിരുന്നത്. ഈ സമയം ഇമ്രാൻ പുതിയ ജോലിക്കായി വാഷിങ്ടണിലേക്ക് പോയി. തുടർന്നാണ് ഫിസ്ക് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇയാൾക്ക് കുഞ്ഞിനെ വേണ്ടെന്നും ഗർഭഛിദ്രത്തിന് അനുനയിപ്പിക്കുകയും ചെയ്തതായി ഫിസ്ക് കഴിഞ്ഞ വർഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ മേയിൽ ഫിസ്ക് ഇമ്രാന്‍റെ അടുത്ത് ചെല്ലുകയും കുഞ്ഞിന്‍റെ വളർച്ചയെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ യുവതി അറിയാതെ ചായയിൽ ഗുളിക നൽകുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം അസ്വാസ്ത‍്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. ഈ സമയം ഫിസ്ക് 17 ആഴ്ച ഗർഭിണിയായിരുന്നു.
മുൻ കാമുകനെതിരെ വലിയ ശിക്ഷയൊന്നും ചുമത്തരുതെന്ന് ഫിസ്ക് ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇമ്രാന്‍റെ 20 വർഷത്തെ ശിക്ഷ ജഡ്ജി മൂന്നു വർഷമാക്കി കുറക്കുകയായിരുന്നു. ഭ്രൂണഹത്യ യു.എസിൽ 40 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.