വാഷിങ്ടൺ: ഭരണത്തിൽ 100 ദിവസം പിന്നിട്ടതിനോടനുബന്ധിച്ച് പെൻസിൽേവനിയയിൽ നടന്ന റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നടത്തിയ പ്രകടനങ്ങളുടെയും വാചാടോപങ്ങളുടെയും തുടർച്ചയായിരുന്നു ശനിയാഴ്ച കണ്ടത്. അന്നുതന്നെ നടന്ന വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗമാരംഭിച്ചത്. നിരവധി ഹോളിവുഡ് അഭിനേതാക്കാളും മാധ്യമപ്രവർത്തകരും പരസ്പരം ആശ്വസിപ്പിക്കുന്ന കാഴ്ച ഇന്ന് തലസ്ഥാനത്ത് കാണാനാകും. പ്രസിഡൻറ് പെങ്കടുക്കാത്ത ചടങ്ങ് വളരെ വിരസമായിരിക്കും. അതിനെക്കാൾ വലിയ ജനക്കൂട്ടത്തോടൊപ്പം, അവരെക്കാൾ മികച്ച ആളുകളോടൊപ്പം ഇൗ സന്ധ്യ ചെലവിടാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണെന്നും ട്രംപ് പറഞ്ഞു.
1981ൽ മുൻ യു.എസ് പ്രസിഡൻറ് റൊണാൾഡ് റീഗനു ശേഷം വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ വാർഷിക അത്താഴവിരുന്നിൽ പെങ്കടുക്കാതിരിക്കുന്ന ആദ്യത്തെ യു.എസ് പ്രസിഡൻറാണ് ട്രംപ്. വധശ്രമത്തിനുശേഷം ചികിത്സയിലായിരുന്നതിനാലാണ് റീഗൻ ചടങ്ങിൽനിന്നു വിട്ടുനിന്നത്. സി.എൻ.എൻ, എം.എസ്.എൻ.ബി.സി എന്നീ മാധ്യമസ്ഥാപനങ്ങൾ വ്യാജ വാർത്തകളാണ് സംപ്രേഷണം ചെയ്യുന്നതെന്നും ട്രംപ് ആരോപിച്ചു.
ഭരണകൂടം 100 ദിവസം പിന്നിട്ട അവസരത്തിൽ നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മാധ്യമങ്ങളും പ്രതികരിച്ചിരുന്നു. വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതും നേതാക്കളെ ഉത്തരവാദിത്തങ്ങൾ ഒാർമിപ്പിക്കുന്നതും തങ്ങളുടെ ജോലിയാണെന്ന് റോയിേട്ടഴ്സ് വൈറ്റ് ഹൗസ് ലേഖകൻ ജെഫ് മാസർ അത്താഴവിരുന്നിനിടെ തിരിച്ചടിച്ചു.
തെൻറ ഭരണകൂടം വളരെ ആവേശഭരിതവും ഉൽപാദനക്ഷമതയുള്ളതുമായിരുന്നു. വാഗ്ദാനങ്ങൾ ഒാരോന്നായി നടപ്പാക്കിവരുന്നതിൽ ജനങ്ങൾ സന്തുഷ്ടരുമാണ്. അമേരിക്കക്കാരുടെ ജോലികൾ തിരികെ കൊണ്ടുവരാനും ഉൗർജ പര്യവേക്ഷണത്തിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ട്രാൻസ് പസഫിക്ക് പങ്കാളിത്തത്തിൽനിന്ന് വിട്ടുനിൽക്കാനും സാധിച്ചതായി ട്രംപ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ മെക്സികോ അതിർത്തിയിൽ മതിൽ നിർമിക്കുക, െഎ.എസിനെ തകർക്കുക, സൈന്യത്തെ പുനർനിർമിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ വീണ്ടും ആവർത്തിച്ചു. ഒബാമ കെയർ പിൻവലിക്കുമെന്നും അമേരിക്കൻ ഹെൽത്ത് കെയർ നടപ്പാക്കാനുള്ള ശ്രമങ്ങൾ വീണ്ടും തുടരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ കൂടുതൽ ശക്തവും സമൃദ്ധവും സുരക്ഷിതവും മഹനീയവുമാക്കി മാറ്റുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.