കിയവ്: യുക്രെയ്ന്റെ വൈദ്യുതി ഉൽപാദന, വിതരണ മേഖല ലക്ഷ്യമിട്ട് വീണ്ടും കനത്ത ആക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച നിരവധി ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. തലസ്ഥാനമായ കിയവ്, ഖാർകിവ്, റിവ്നെ, കെമെനിറ്റ്സ്കി, ലുറ്റ്സ്ക് തുടങ്ങിയ നിരവധി മധ്യ, പടിഞ്ഞാറൻ നഗരങ്ങളിൽ സ്ഫോടനമുണ്ടായതായാണ് റിപ്പോർട്ട്. ശീതകാലത്തിന് മുമ്പ് യുക്രെയ്ന്റെ വൈദ്യുതി മേഖല തകർക്കുകയാണ് റഷ്യൻ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
യുക്രെയ്നിലുടനീളമുള്ള ഊർജ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടന്നതായി ഊർജ മന്ത്രി ഹെർമൻ ഹലുഷ്ചെൻകോ പറഞ്ഞു. രൂക്ഷ സൈനിക നീക്കത്തെതുടർന്ന് പത്ത് ലക്ഷത്തോളം പേർ ഇരുട്ടിലായെന്നാണ് വിവരം. കിയവിൽ മാത്രം ആക്രമണം ഒമ്പത് മണിക്കൂറിലേറെ നീണ്ടു. പലയിടങ്ങളിലും മിസൈൽ അവശിഷ്ടം വീണ് തീപിടിച്ചു. എന്നാൽ, ആളപായമുണ്ടായിട്ടില്ല.
വൈദ്യുതി നിലയങ്ങളെ ലക്ഷ്യമിട്ട് ക്ലസ്റ്റർ ബോംബുകളാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ആരോപിച്ചു. റഷ്യൻ ഭീകരാക്രമണം വളരെ രൂക്ഷമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം നൂറോളം ഡ്രോണുകളും 90 മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ടെലഗ്രാം സന്ദേശത്തിൽ സെലൻസ്കി ചൂണ്ടിക്കാട്ടി.
അതേസമയം, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് കിയവിലെ സുപ്രധാന സർക്കാർ സ്ഥാപനങ്ങൾക്കെതിരെ പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.