വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുൻ ഉപദേഷ്ടാവ് ജോർജ് പപാദോ പൗലോസിന് 14 ദിവസത്തെ ജയിൽശിക്ഷ. ഒപ്പം 200 മണിക്കൂർ സാമൂഹിക സേവനവും 9500 ഡോളർ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ എഫ്.ബി.െഎയോട് കള്ളംപറഞ്ഞതിനാണ് തടവുശിക്ഷ.
ദേശീയ സുരക്ഷ സംബന്ധിയായ വിഷയത്തിൽ അന്വേഷണ സംഘത്തോട് കള്ളം പറഞ്ഞ ജോർജ് ശിക്ഷയർഹിക്കുന്നതായി യു.എസ് ജില്ല കോടതി ജഡ്ജി രന്ദോൾഫ് മോസ് വ്യക്തമാക്കി. റോബർട്ട് മുള്ളർ നേതൃത്വം നൽകുന്ന അന്വേഷണത്തിൽ ജയിൽശിക്ഷക്ക് വിധേയനാകുന്ന രണ്ടാമത്തെയാളാണ് ജോർജ്. നേരത്തേ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചതിന് ഡച്ച് അഭിഭാഷകൻ അലക്സ് വാൻ ദെർ സ്വാനെ 30 ദിവസത്തെ തടവിനു ശിക്ഷിച്ചിരുന്നു. ശിക്ഷവിധിയെ എതിർത്ത് ട്രംപ് ട്വീറ്റ് ചെയ്തപ്പോൾ, ഡെമോക്രാറ്റുകൾ മുള്ളറുടെ അന്വേഷണസംഘത്തെ അഭിനന്ദിച്ചു.
എണ്ണ വ്യാപാര രംഗത്തെ പ്രഗല്ഭനായിരുന്ന ജോർജ് 2016 മാർച്ചിലാണ് ട്രംപിെൻറ പ്രചാരണത്തിൽ സജീവമായത്. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തൽ പ്രചാരണസംഘങ്ങളുടെ മുൻഗണന അടിസ്ഥാനത്തിൽപെട്ട വിഷയമല്ലെന്നു പറഞ്ഞ ജോർജ് റഷ്യൻ പാർലമെൻറുമായി ബന്ധമുള്ള പ്രഫസർ ജോസഫ് മിസ്ഫുഡുമായി ചർച്ച നടത്തിയിരുന്നു.
മിസ്ഫുഡ് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി അടുത്ത ബന്ധം പുലർത്തുന്ന ചിലർക്ക് ജോർജിനെ പരിചയപ്പെടുത്തുകയും ചെയ്തു.
ട്രംപിെൻറ പ്രചാരണസംഘത്തിൽ ചേരുന്നതിനു മുമ്പാണ് പ്രഫസറുമായി ചർച്ച നടത്തിയതെന്നാണ് ജോർജ് അന്വേഷണ സംഘത്തിനു മൊഴി നൽകിയത്. എന്നാൽ, ചർച്ച നടന്നത് 2016 ഏപ്രിലിലാണെന്ന് സംഘം കണ്ടെത്തുകയും ചെയ്തു. ഹിലരിയെ കുറിച്ച് റഷ്യക്കാർക്ക് മതിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രഫസർ ആയിരക്കണക്കിന് ഇ-മെയിൽ സന്ദേശങ്ങളെ കുറിച്ചും ജോർജിനോടു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഹിലരിയുടെ ഇ-മെയിലുകൾ വിക്കിലീക്സ് ചോർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.