വാഷിങ്ടൺ: സിറിയയിൽ മിസൈൽ ആക്രമണത്തിന് തയാറെടുക്കാൻ ആഹ്വാനവുമായി റഷ്യക്ക് മറുപടിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ‘ഏതുതരത്തിലുള്ള മിസൈലുകളും വെടിവെച്ചിടുമെന്നാണ് റഷ്യ അറിയിച്ചത്. തടുക്കാൻ തയാറെടുത്തു കൊള്ളൂ. അവ ഉടൻ എത്തും. സ്വന്തം ജനതയെ രാസായുധം പ്രയോഗിച്ച് കൊന്നൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മൃഗങ്ങളോട് കൂട്ടുകൂടരുത് നിങ്ങൾ’ -ട്രംപ് ട്വീറ്റ് ചെയ്തു. രാസായുധാക്രമണത്തെ തുടർന്ന് സിറിയ കൂടുതൽ അസ്ഥിരതയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
സിറിയയിലെ സൈനിക ഏറ്റുമുട്ടൽ തടയുന്നതിൽ െഎക്യരാഷ്ട്ര സഭ പരാജയപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും യുദ്ധസമാന ഭീഷണിയുയർത്തുന്നത്. സൈനിക നടപടി സിറിയയെ കൂടുതൽ അസ്ഥിരമാക്കുമെന്ന് റഷ്യ മുന്നറിയിപ്പു നൽകിയിരുന്നു. അതിനു മറുപടിയായാണ് ട്രംപിെൻറ ട്വീറ്റ്. റഷ്യയുമായുള്ള ബന്ധം ശീതകാലയുദ്ധത്തേക്കാൾ മോശമായെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. രാസായുധാക്രമണത്തിനു മറുപടിയായി സിറിയയിൽ സൈനികനീക്കം നടത്താനുള്ള യു.എസ് തീരുമാനം ബാലിശമാണെന്ന് റഷ്യ അഭിപ്രായപ്പെട്ടു. അത്തരം നീക്കങ്ങൾ ചെറുത്തുതോൽപിക്കും. യു.എസിെൻറ ഏതുതരം മിസൈലുകളും വെടിവെച്ചിടുമെന്ന് ലബനാനിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ സസൈപ്കിൻ വ്യക്തമാക്കി.
യൂറോപ്യൻ യൂനിയെൻറയും ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെയും പിന്തുണയുണ്ട് യു.എസിന്.അതിനിടെ, സിറിയയിൽ അടുത്ത 72 മണിക്കൂറിനകം വ്യോമാക്രമണത്തിന് സാധ്യതയുള്ളതിനാൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിനു മുകളിലൂടെ വിമാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത ഏജൻസിയായ യൂറോ കൺട്രോൾ മുന്നറിയിപ്പ് നൽകി. സിറിയയിൽ യു.എസിെൻറ നേതൃത്വത്തിൽ സൈനിക നീക്കങ്ങൾക്ക് തയാറെടുപ്പ് തുടരുന്നതിനിടെയാണ് ഏജൻസിയുടെ നിർദേശം.
മിസൈലാക്രമണം എവിടെയാവും എന്നതിനെക്കുറിച്ച് ഏജൻസി വിവരം നൽകിയില്ല. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങളും സിറിയൻ വ്യോമാതിർത്തിയിലൂടെ വിമാനങ്ങൾ സർവിസ് നടത്തുന്നത് ഒഴിവാക്കണമെന്ന് നേരേത്ത ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.