വാഷിങ്ടൺ: സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയെ പ്രകീർത്തിച്ച് ലോക മാധ്യമങ്ങൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ചരിത്ര തീരുമാനം. സ്വവർഗ വിഭാഗങ്ങളുടെ അവകാശം ഉയർത്തിപ്പിടിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ചരിത്രം എഴുതിച്ചേർത്തിരിക്കയാണെന്ന് വാഷിങ്ടൺ പോസ്റ്റ് അഭിപ്രായപ്പെട്ടു. ഇത്തരമൊരു വിധിക്കായി മനുഷ്യാവകാശ പ്രവർത്തകർ വർഷങ്ങളായി മുറവിളികൂട്ടിക്കൊണ്ടിരിക്കയാണ്. ആഗോളതലത്തിൽ സ്വവർഗ വിഭാഗങ്ങളുടെ അവകാശപ്പോരാട്ടത്തിൽ നാഴികക്കല്ലായിരിക്കും സുപ്രീംകോടതി വിധിയെന്നും വാഷിങ്ടൺ പോസ്റ്റ് നിരീക്ഷിച്ചു.
പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതിയ വിജയമെന്നാണ് ന്യൂയോർക് ടൈംസ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ അടുത്തകാലത്തായി ട്രാൻസ്ജൻഡർമാരെയും സ്വവർഗ വിഭാഗക്കാരെയും അംഗീകരിക്കാൻ ആളുകൾ മുന്നോട്ടുവരുന്നുണ്ട്. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കാണുന്ന മനോഭാവം ലജ്ജാവഹമാണെന്നും പത്രം പറഞ്ഞു. സ്വവർഗ വിഭാഗക്കാരുടെ അവകാശങ്ങൾക്കായി പോരാടിയ അഭിഭാഷകരുടെ വിജയമാണിതെന്ന് സി.എൻ.എൻ പ്രതികരിച്ചു.
വിധി ചരിത്രപരമെന്ന് ബി.ബി.സി വിശേഷിപ്പിച്ചു. ഇന്ത്യയിലെ വലിയൊരളവ് മതപുരോഹിതന്മാർ വിധി എതിർക്കാനാണ് സാധ്യത എന്നിരിക്കെ, അവരുടെ മനോഭാവം മാറേണ്ടത് അനിവാര്യമാണെന്നും ബി.ബി.സി ചൂണ്ടിക്കാട്ടി. സ്വവർഗലൈംഗികത നിയമാനുസൃതമാക്കുന്നതിനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് അവസാനമായിരിക്കുന്നുവെന്ന് ‘ഗാർഡിയൻ’ വിലയിരുത്തി. വിധി ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ പ്രതിഫലിക്കുന്നതാണെന്ന് ബ്രിട്ടനിലെ ഇൻഡിപെൻഡൻറ് പറഞ്ഞു.
ഇന്ത്യയിലെ ൈലംഗിക ന്യൂനപക്ഷങ്ങൾ ഭയത്തിലാണ് ജീവിച്ചിരുന്നത്. അവരെ രണ്ടാംകിട പൗരന്മാരായാണ് പരിഗണിച്ചത്. അവർക്ക് ആഘോഷിക്കാനുള്ള അവസരമാണ് സുപ്രീംകോടതി ഒരുക്കിയതെന്ന് ടെലഗ്രാഫ് പത്രം നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.