പുറത്താക്കപ്പെട്ട എഫ്.ബി.ഐ ഡയറക്ടർ സഹപ്രവർത്തകർക്കയച്ച കത്തിൽ പറഞ്ഞതെന്ത്?

ന്യൂയോർക്ക്: എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിയെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്താക്കിയ സംഭവമാണ് ഇന്നലെ മാധ്യമങ്ങൾ മുഴുവൻ ചർച്ച ചെയ്തത്. ഇന്ന് അമേരിക്കയിലെ വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിൽ നിറയുന്നത് കോമി സഹപ്രവർത്തർക്കയച്ച കത്തിലെ ഉള്ളടക്കമാണ്. ഹിലരിയുടെ കേസ് കൈകാര്യം ചെയ്ത രീതിയാണ് കോമിയെ പുറത്താക്കിയതിന് കാരണമെന്നും അല്ലെന്നും ചർച്ച ചെയ്ത് മാധ്യമങ്ങൾ തലപുകക്കുന്നതിനിടെയാണ് ആരോടും വിദ്വേഷമില്ലാതെ അമേരിക്കൻ ഭരണഘടനയോടും ജനതയോടും കൂറ് പുലർത്താൻ ആവശ്യപ്പെട്ട് കോമി സഹപ്രവർത്തകർക്ക് വിടവാങ്ങൽ കത്തെഴുതിയത്.

എല്ലാവരേയും സംബോധന ചെയ്തെഴുതുന്ന കത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്:

അമേരിക്കൻപ്രസിഡന്‍റിന് എഫ്.ബി.ഐ ഡയറക്ടറെ മാറ്റാൻ അധികാരമുണ്ട്. അതിനുള്ള കാരണങ്ങൾ പലതായിരിക്കാം. കാരണമില്ലെങ്കിൽ കൂടിയും മാറ്റാവുന്നതാണ്. എന്തായാലും അതേക്കുറിച്ചോ അത് നടപ്പിലാക്കപ്പെട്ട രീതിയെക്കുറിച്ചോ  ചിന്തിച്ച് സമയം ചിലവഴിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. നിങ്ങളും അങ്ങനെത്തന്നെ ചെയ്യമെന്നാണ് എന്‍റെ പ്രതീക്ഷ. എന്തായാലും നിങ്ങൾ ഓരോരുത്തരേയും നമ്മുടെ ദൗത്യവും എനിക്ക് മിസ് ചെയ്യും. 

കലഹത്തിന്‍റെയും പ്രക്ഷുബ്ധതയുടേയും ഈ കാലത്ത്, സത്യസന്ധതയുടേയും സ്വാതന്ത്ര്യത്തിന്‍റെയും മികവിന്‍റെയും  പ്രതീകമായി പാറപോലെ ഉറച്ച്  നിൽക്കാൻ എഫ്.ബി.ഐക്ക് കഴിഞ്ഞിട്ടുണ്ട്. എഫ്.ബി.ഐയിലെ ഉദ്യോഗസ്ഥരുടെ ഔന്നത്യവും ഗുണവുമാണ് അതിന് കാരണം. 

ഇത്രയും ആത്മാർഥയുള്ള ഒരുപറ്റം ആളുകളെ വിട്ടുപിരിയുക ദു:ഖമുണ്ടാക്കുന്നതാണ്. മൂല്യം കൈവിടാതെ അമേരിക്കൻ ജനതയെ സംരക്ഷിക്കുകയും ഭരണഘടന ഉയർത്തിപ്പിടിക്കുകയും ചെയ്യുക. 

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും എനിക്ക് കിട്ടിയ സമ്മാനവുമാണ് നിങ്ങളോടൊപ്പം ജോലി ചെയ്യാൻ കിട്ടിയ അവസരമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്തവസാനിപ്പിക്കുന്നത്. 
 

Tags:    
News Summary - James Comey's Farewell Letter To His FBI Colleagues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.