യുനൈറ്റഡ് നാഷൻസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്ക് യു.എൻ പൊതുസഭയിൽ തിരിച്ചടി. അമേരിക്കക്കെതിരെ അറബ് രാജ്യങ്ങളും തുർക്കിയും ഉൾപ്പെട്ട ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ കൊണ്ടുവന്ന പ്രമേയം പൊതുസഭയിൽ പാസായി. ഒമ്പതിനെതിരെ 128 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അമേരിക്കയുടെയും ഇസ്രയേലിന്‍റെയും കടുത്ത എതിർപ്പിനെ മറികടന്നാണ് യു.എൻ പൊതുസഭയിൽ പ്രമേയം പാസായത്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. എന്നാൽ, രക്ഷാസമിതിയിലെ 14 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
യു.എസ് തീരുമാനത്തെ എതിർക്കുന്നവർക്ക് തങ്ങൾ നൽകുന്ന സഹായം വെട്ടിക്കുറക്കുമെന്ന് അമേരിക്കൻ അംബാസിഡർ നിക്കിഹാലെ അംഗരാജ്യങ്ങൾക്ക് താക്കീത് നൽകിയിരുന്നു. കാര്യങ്ങൾ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും തങ്ങൾക്കെതിരായ നീക്കത്തിൽ നിന്ന് മറ്റു രാജ്യങ്ങൾ പിന്മാറണമെന്നും ആവശ്യപ്പെട്ടു.
ഡിസംബർ ആറിനാണ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. മുസ്ലിംകളുടെ മൂന്നാമത്തെ പ്രധാന ആരാധന കേന്ദ്രമായ മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന കിഴക്കൻ ജറൂസലം കൂടി ഉൾപ്പെടുന്നതാണ് യു.എസ് അംഗീകരിച്ച ഇസ്രായേൽ തലസ്ഥാനം. 1967ൽ പിടിച്ചെടുത്ത കിഴക്കൻ ജറൂസലം ഇസ്രായേലിന്റെ ഭാഗമായി യു.എൻ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.