സിറിയയിലെ സൈനിക നീക്കത്തില്‍നിന്ന് ഒബാമയെ തടഞ്ഞത് ബ്രിട്ടന്‍ –കെറി

വാഷിങ്ടണ്‍: സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തുന്നതില്‍നിന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ പിന്തിരിപ്പിച്ചത് ബ്രിട്ടനായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ബശ്ശാര്‍ അല്‍അസദ് സിറിയയില്‍ രാസായുധം പ്രയോഗിച്ചാല്‍ തിരിച്ചടിക്കുമെന്നായിരുന്നു ഒബാമയുടെ പ്രഖ്യാപനം. എന്നാല്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും പാര്‍ലമെന്‍റ് അംഗങ്ങളും ഈ നീക്കത്തില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നുവെന്നും കെറി പറഞ്ഞു. 2013 ആഗസ്റ്റില്‍ ഡമസ്കസിലെ ചിലഭാഗങ്ങളില്‍ ബശ്ശാര്‍ സൈന്യം മാരകമായ രാസായുധം പ്രയോഗിച്ചത് ബറാക് ഒബാമയുടെ ഭരണകാലത്തെ ഏറ്റവും വലിയ കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. കെറിയുടെ അവസാന വാര്‍ത്താസമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

സിറിയയില്‍ നേര്‍ക്കുനേര്‍ ഇടപെടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം പിന്തുണ നല്‍കാന്‍ ഒബാമ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിഷയം  പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ അംഗങ്ങള്‍ പിന്തുണ നല്‍കാതിരുന്നതോടെ ബ്രിട്ടന്‍ പിന്മാറി. ആക്രമണം നടത്തുന്നതിന് യു.എസ് കോണ്‍ഗ്രസിന്‍െറ പിന്തുണ ലഭിക്കുമോയെന്ന് ഒബാമക്ക് ആശങ്കയുണ്ടായിരുന്നുവെന്നും കെറി പറഞ്ഞു.

അതിനിടെ, യുദ്ധാനന്തര അഫ്ഗാനിസ്താനില്‍ ഭരണസ്ഥിരത കൈവന്നെങ്കിലും രാജ്യത്ത് വെല്ലുവിളികള്‍ ഇനിയുമുണ്ടെന്ന് കെറി ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താന്‍െറ വളര്‍ച്ചക്ക് അമേരിക്ക ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പുരോഗതി കൈവരിക്കാന്‍ ഇനിയും ഒരുപാടു മേഖലകളുണ്ടെന്നും കെറി പറഞ്ഞു.  ഒബാമ അധികാരത്തില്‍ വന്നപ്പോള്‍ ലക്ഷത്തോളം യു.എസ് സൈനികര്‍ അഫ്ഗാനിലുണ്ടായിരുന്നു.  സൈനിക വിന്യാസം 10000യിരമാക്കിയാണ് ഒബാമ പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - john kerry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.