ഹ്യൂസ്റ്റൺ: ടെക്സസിനെ തകർത്തെറിഞ്ഞ ഹാർവി ചുഴലിക്കാറ്റ് അഞ്ചാംദിവസവും നാശം വിതക്കുന്നു. ടെക്സാസിലെ തെക്കുകിഴക്കൻ മേഖലകളിലും ലൂയീസിയാനയിലും കനത്തമഴ തുടരുകയാണ്. ലൂയീസിയാനയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 72കി.മീ വേഗത്തിലാണ് കാറ്റുവീശുന്നത്. മേഖലയിൽ വീണ്ടും ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പു നൽകി. നഗരത്തിൽ 13നും 25 സെ.മീനുമിടെ മഴ പെയ്തു.
സന്നദ്ധപ്രവർത്തകർക്കൊപ്പം നാവികസേനയും രക്ഷാപ്രവർത്തനത്തിനിറങ്ങി. മഴയെ തുടർന്ന് അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹ്യൂസ്റ്റണിലെ റോഡുകൾ കവിഞ്ഞൊഴുകുകയാണ്. അതിനിടെ, ഒർലിയൻസിൽ കനത്തമഴയെ തുടർന്ന് അടച്ച സ്കൂളുകളും ഒാഫിസുകളും തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലൂയീസിയാനയിൽനിന്ന് ഇതുവെര 500ലേറെ പേരെ ഒഴിപ്പിച്ചു. ടെക്സസിലെ ദുരന്തബാധിത മേഖലകൾ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സന്ദർശിച്ചു.
പത്നി മെലാനിയയും ഒപ്പമുണ്ടായിരുന്നു. മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ട്രംപ് പ്രകീർത്തിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ടെക്സസിൽ ചൊവ്വാഴ്ച രാത്രിമുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കർഫ്യൂ പ്രഖ്യാപിച്ചു. ദിവസവും അർധരാത്രി മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. സംശയാസ്പദമായ സാഹചര്യത്തിൽ ഈ സമയത്ത് പുറത്തു കാണുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മേയർ സിൽവസ്റ്റർ ടേണർ അറിയിച്ചു.
അതേസമയം, രക്ഷാപ്രവർത്തകരെയും ദുരിതാശ്വാസ പ്രവർത്തകരെയും രാത്രി ഷിഫ്റ്റിൽ ജോലി നോക്കുന്നവരെയും ദുരിതാശ്വാസ ക്യാമ്പ് തേടിയെത്തുന്നവരെയും കർഫ്യൂവിൽനിന്ന് ഇളവു ചെയ്തിട്ടുണ്ട്. അഞ്ചുദിവസമായി മഴ തുടരുകയാണ് ഹ്യൂസ്റ്റനിലും ടെക്സസിലെ മറ്റു പ്രദേശങ്ങളിലും. പതിനായിരങ്ങളാണ് വീടു വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയത്. ഇതുവരെ 20 പേർ മരിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.