വർഷം 2006. പ്രമുഖ ആഫ്രോ അമേരിക്കൻ സന്നദ്ധ പ്രവർത്തക തരാന ബുർക്കിനറിയില്ലായിരുന്നു തന്നോട് സങ്കടം പങ്കിട്ട ഒരു പെൺകുട്ടിക്ക് ധൈര്യം പകരാൻ ഉപയോഗിച്ച രണ്ടു വാക്കുകൾക്ക് ലോകത്തെ ഇളക്കി മറിക്കാൻ പോന്ന കൊടുങ്കാറ്റിനോളം ശക്തിയുണ്ടെന്ന്. ‘മാതാവിെൻറ ആൺ സുഹൃത്ത് തന്നെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നു’ എന്ന് പരിതപിച്ച ആ പെൺകുട്ടിയോട് പറയാൻ ഒറ്റ ആശ്വാസ വാക്കേ തരാനക്ക് തെൻറ നാവിൻ തുമ്പത്ത് വന്നുള്ളൂ. ‘മീ ടൂ’ അഥവാ ‘എനിക്കും അതേ’. അതുവരെ ആരോടും പറയാനാകാതെ നീറ്റലായി ഉള്ളിൽ പേറാൻ നിബന്ധിതരായ സ്ത്രീ സമൂഹത്തിന് ധൈര്യം പകരാൻ അതിനെക്കാൾ പോന്ന മറ്റൊന്നില്ലെന്ന് ബോധ്യമായ തരാന, അതിനെ പ്രതിഷേധമറിയിക്കാനുള്ള ‘മീ ടൂ’ ഹാഷ് ടാഗായി ട്വിറ്ററിലിട്ടു. 500 ട്വിറ്റർ അക്കൗണ്ടുകൾ അക്കാലത്ത് പിന്തുണയുമായെത്തി. യഥാർഥത്തിൽ ‘മീ ടൂ’ പ്രസ്ഥാനത്തിെൻറ ചരിത്രം അവിടെ തുടങ്ങി.
എന്നാൽ, സമൂഹ മാധ്യമങ്ങളിൽ ആ പ്രസ്ഥാനം ലൈംഗിക ചൂഷണത്തിനെതിരായ ‘മീ ടൂ കാമ്പയിന്’ എന്ന സമരാഗ്നിയായി പടർന്നത് ഹോളിവുഡ് നടി അലൈസ മിലാനോയുടെ തുറന്നു പറച്ചിലോടെയായിരുന്നു. 2017 ഒക്ടോബർ 15ന് ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തലിന് ഇന്ന് വർഷം ഒന്നു തികയുന്നു.
പ്രമുഖ ഹോളിവുഡ് സിനിമ നിർമാതാവ് ഹാർവി വെയ്ൻസ്റ്റീനിൽനിന്ന് തനിക്കേറ്റ ലൈംഗികാതിക്രമത്തെക്കുറിച്ചായിരുന്നു അത്. ‘ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ തുറന്നു പറയൂ’ എന്ന മിലാനോയുടെ ട്വീറ്റിന് മണിക്കൂറിനുള്ളിൽ ലക്ഷങ്ങൾ പിന്തുണയുമായെത്തി. ഒറ്റ രാത്രികൊണ്ട് 53,000ത്തോളം കമൻറുകൾ. ആയിരത്തോളം സ്ത്രീകൾ ‘മീ ടൂ’ എന്ന ഹാഷ് ടാഗോടെ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് സ്വന്തം നിർമാണ കമ്പനിയിൽനിന്നടക്കം വെയ്ൻസ്റ്റീനെ പുറത്താക്കി.
ഇന്ത്യയിലും കേരളത്തിലും ‘മീ ടൂ’ വർധിതവീര്യത്തോടെ അലയൊലികൾ തീർത്തു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും മുൻ മാധ്യമപ്രവർത്തകനുമായ അക്ബറിനെതിരെ ഇതുവരെ 12 സ്ത്രീകളാണ് രംഗത്തെത്തിയത്. ഹിന്ദി നടൻ നാന പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത രംഗത്തെത്തി. നിർമാതാവ് വിവേക് അഗ്നി ഹോത്രിയും തനുശ്രീയുടെ കാമ്പയിനിൽ ഉൾപ്പെട്ടു. സംവിധായകൻ സാജിദ് ഖാനെതിരെ നടി റേച്ചൽ െവെറ്റ് അടക്കമുള്ളവർ രംഗത്തെത്തി.
ഗാനരചയിതാവും തിരക്കഥാകൃത്തുമായ വരുൺ ഗ്രാവർ മോശമായി പെരുമാറിയെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ മുൻ വിദ്യാർഥിനി, നടൻ അലോക് നാഥ് ലൈംഗികാതിക്രമം നടത്തിയതായി തിരക്കഥാകൃത്തും സിനിമ നിർമാതാവുമായ വിന്ദ നന്ദ, നിർമാതാവ് ഗൗരംഗ് ദോഷിക്കെതിരെ നടി േഫ്ലാറ സൈനി, സംവിധായകൻ വികാസ് ബഹലിനെതിരെ നടി കങ്കണ റണാവത്, ഹാസ്യതാരം ഉത്സവ് ചക്രവർത്തിക്കെതിരെ എഴുത്തുകാരി മഹിമ കുക്രജ, നടൻ രജത് കപൂറിനെതിരെ മാധ്യമപ്രവർത്തക, ഗായകൻ കൈലാശ് ഖർ പീഡിപ്പിച്ചെന്ന് മറ്റൊരു പത്രപ്രവർത്തക, ഹാസ്യതാരം അദിതി മിത്തലിനെതിരെ നടി കനീസ് സുർക... ബോളിവുഡിലെ വെളിെപ്പടുത്തൽ കത്തിപ്പടരുകയാണ്. തമിഴിലെ ഹിറ്റ് ഗാനരചയിതാവ് വൈരമുത്തുവാണ് മറ്റൊരാൾ. ഗായിക ചിൻമയിയാണ് തുറന്നുപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.