ബൈറൂത്: കിഴക്കൻ ലബനാനിലെ സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 12 അടിയന്തര രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാൽബെക് പ്രവിശ്യയിലെ ദൗറിസിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിൽ കേന്ദ്രം പൂർണമായും തകർന്നു. പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘത്തെയാണ് ലക്ഷ്യമിട്ടത്.
ഹിസ്ബുല്ലയുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്രത്തിൽ ബോംബിട്ടതിനെക്കുറിച്ച് ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ലബനാൻ സർക്കാർ നടത്തുന്ന ആരോഗ്യ കേന്ദ്രത്തിനു നേരെയുള്ള ക്രൂരമായ ആക്രമണത്തെ ആരോഗ്യ മന്ത്രാലയം അപലപിച്ചു.
രണ്ട് മണിക്കൂറിനിടെ അടിയന്തര ആരോഗ്യ കേന്ദ്രത്തിനെതിരെ നടന്ന രണ്ടാമത്തെ ആക്രമണമാണിതെന്നും മന്ത്രാലയം പറഞ്ഞു. തെക്കൻ ലബനാനിലെ അറബ്സലിം ഗ്രാമത്തിലുള്ള രക്ഷാപ്രവർത്തന കേന്ദ്രമായ ഹെൽത്ത് അതോറിറ്റി അസോസിയേഷനു നേരെയുള്ള ആക്രമണത്തിൽ നാല് മെഡിക്കൽ ജീവനക്കാരടക്കം ആറുപേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ലബനാനിൽ 192 ആരോഗ്യ ജീവനക്കാരും രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 308 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 65 ആശുപത്രികൾക്കൊപ്പം 88 ആരോഗ്യ, ആംബുലൻസ് സേവന കേന്ദ്രങ്ങൾ തകർന്നു. 218 ആരോഗ്യ സംഘടനകളെയും ഇസ്രായേൽ ലക്ഷ്യമിട്ടിരുന്നു. ബാൽബെക്ക് -ഹെർമൽ പ്രവിശ്യയിലെ മറ്റൊരിടത്ത് ഇസ്രായേൽ ആക്രമണത്തിൽ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായി നാലുപേർകൂടി മരിച്ചു. തെക്കൻ ലബനാനിലെ തയർ പ്രവിശ്യയിൽ ആറ് വ്യത്യസ്ത ഗ്രാമങ്ങളിൽ 11 പേരുടെ ജീവൻ പൊലിഞ്ഞതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ലബനാനിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 3386 പേർ കൊല്ലപ്പെടുകയും 14,417 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ 658 സ്ത്രീകളും 220 കുട്ടികളും ഉൾപ്പെടും.
ബൈറൂത്: ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്ന ലബനാന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇറാൻ. ലബനാനിലെ ആക്രമണം ഉടൻ അവസാനിക്കുമെന്നും പലായനം ചെയ്തവർക്ക് വീട്ടിൽ തിരിച്ചെത്താൻ കഴിയുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഉപദേശകനായ അലി ലാരിജാനി പ്രതീക്ഷ പ്രകടിപ്പിച്ചു. ലബനാൻ പാർലമെന്റ് സ്പീക്കർ നബീഹ് ബെറിയുമായും ഇടക്കാല പ്രധാനമന്ത്രി നജീബ് മിക്കാതിയുമായും നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലബനാൻ ജനതക്കും സർക്കാറിനും പിന്തുണ പ്രഖ്യാപിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും ലാരിജാനി വ്യക്തമാക്കി.
13 മാസമായി തുടരുന്ന ഇസ്രായേൽ -ഹിസ്ബുല്ല ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ യു.എസ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ലാരിജാനിയുടെ സന്ദർശനം. ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള യു.എസ് നീക്കം തകർക്കാൻ ശ്രമിക്കുകയല്ലെന്നും എന്നാൽ, പ്രശ്ന പരിഹാരമാണ് ആവശ്യമെന്നും ഏത് സാഹചര്യത്തിലും ലബനാനൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ പ്രസിഡന്റ് ബശ്ശാർ അൽഅസദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലാരിജാനി ബൈറൂത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.