സോൾ: ലക്ഷ്യസ്ഥാനങ്ങളിൽ ഉഗ്ര സ്ഫോടനം നടത്താൻ ശേഷിയുള്ള ഡ്രോണുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. ഇത്തരം ഡ്രോണുകൾ വലിയ രീതിയിൽ നിർമിക്കാൻ രാജ്യത്തിന്റെ തലവനായ കിം ജോങ് ഉൻ നിർദേശിച്ചതായി ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
യു.എസും ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് യുദ്ധ വിമാനങ്ങളുപയോഗിച്ച് സംയുക്ത സൈനിക പരിശീലനം നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ നീക്കം. വൻ സ്ഫോടന ശേഷിയുള്ള വിവിധ തരം ഡ്രോണുകളുടെ അടുത്ത് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രം കൊറിയൻ സെൻട്രൽ വാർത്ത ഏജൻസി പുറത്തുവിട്ടു. പഴയ യുദ്ധ ടാങ്കുകളും ആഡംബര കാറും ഡ്രോൺ ഉപയോഗിച്ച് തകർക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചു. ഡ്രോണുകൾ വ്യത്യസ്ത വഴികളിൽ പറന്ന് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തി സ്ഫോടനം നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കിം ജോങ് ഉൻ ഭരണത്തിനെതിരായ ലഘുലേഖകൾ തലസ്ഥാനമായ പ്യോങ് യാങ്ങിൽ ഡ്രോണുകളിൽ വിതരണം ചെയ്യുന്നത് തുടർന്നാൽ ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉത്തര കൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.