സോൾ: ആണവകേന്ദ്രങ്ങൾ പരിശോധിക്കാൻ ഉത്തര കൊറിയ അന്താരാഷ്ട്ര സംഘത്തിന് അനുമതി നൽകുമെന്ന് യു.എസ് സ്റ് റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. സിംഗപ്പൂരിൽ നടന്ന ട്രംപ്-കിം ഉച്ചകോടിയിലെ ധാരണപ്രകാരമുള്ള ആണവ നിരായുധീകരണത്തിലെ സുപ്രധാന പടിയാകും പരിശോധനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലാണ് പോംപിയോ-കിം ചർച്ച നടന്നത്. മടക്കയാത്രയിൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന വാർത്തസമ്മേളനത്തിലാണ് പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും അടുത്ത സമയത്തുതന്നെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി രണ്ടാമത്തെ ഉച്ചകോടിക്ക് കിം സന്നദ്ധമായതായും പോംപിയോ പറഞ്ഞു. രണ്ടാം ഉച്ചകോടി ഉടനുണ്ടാകുമെന്ന് ട്രംപ് യു.എൻ പൊതുസഭയിൽ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.
പോംപിയോയുടെ സന്ദർശനത്തിലെ പുരോഗതിയിൽ കിം സംതൃപ്തനാണെന്ന് ഉത്തര കൊറിയൻ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വിവിധ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് സന്ദർശനം റിപ്പോർട്ട് ചെയ്തത്.
ചൈന അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഉത്തര കൊറിയയുടെ പുങ്യീ റി ആണവ കേന്ദ്രത്തിലാണ് ആറു പരീക്ഷണങ്ങൾ നടന്നത്.
ഇൗ കേന്ദ്രം കഴിഞ്ഞ മേയ് മുതൽ പ്രവർത്തനം അവസാനിപ്പിച്ചതായാണ് കിം ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ, ഇത് ഉറപ്പുവരുത്താൻ അന്താരാഷ്ട്ര നിരീക്ഷണ സംഘത്തെ പ്രവേശിപ്പിക്കാൻ ഉത്തര കൊറിയ ഇതുവരെ അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.