ഗസ്സ വെടിനിർത്തൽ ചർച്ചക്കിടയിലും ഇസ്രായേലിന് വീണ്ടും ആയുധം നൽകാൻ അമേരിക്ക

ന്യൂയോർക്ക്: ഗസ്സ വെടിനിർത്തൽ കരാറിനുള്ള മുറവിളികൾക്കിടെ ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക. 680 മില്യൺ ഡോളറിന്‍റെ ആയുധ വിൽപനക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകിയതായാണ് പുറത്തുവരുന്ന വിവരം.

ലബനാനിൽ ഹിസ്ബുല്ലയുമായി ഇസ്രായേൽ വെടിനിർത്തൽ കരാറിലെത്തിയ വിവരം ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്രായേലിനെ വീണ്ടും ആയുധമണിയിക്കാനുള്ള നീക്കം പുറത്തുവരുന്നത്. ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു. മാസങ്ങളായി ആയുധ വിൽപന പാക്കേജുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രത്യേക കമ്മിറ്റി ആയുധ കരാർ ചർച്ച ചെയ്യുകയും ഒക്ടോബറിൽ വിപുലമായ അവലോകനത്തിനായി സമർപ്പിക്കുകയും ചെയ്തായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ലോകമെങ്ങും ഗസ്സ വെടിനിർത്തലിനായി മുറവിളി ശക്തമാകുമ്പോഴും അമേരിക്ക വീണ്ടും ഇസ്രായേലിന് ആയുധം നൽകുന്നത് ആക്രമണം ശക്തമാക്കാനാണ് സഹായിക്കുകയെന്ന ആക്ഷേപമുണ്ട്. യുദ്ധവിമാനങ്ങളിൽനിന്ന് വർഷിക്കാവുന്ന ചെറു ബോംബുകൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുന്നത്. എന്നാൽ, വാർത്തകളോട് ബൈഡൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരുമെന്ന അമേരിക്കൻ നിലപാടിലെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്തുവരുന്നത്.

ഒരുഭാഗത്ത് സമാധാനത്തിനായി വാദിക്കുമ്പോൾ, മറുഭാഗത്ത് ഗസ്സയിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കാൻ അമേരിക്ക ഇസ്രായേലിന് കോടികണക്കിന് രൂപയുടെ ആ‍യുധങ്ങൾ നൽകുകയാണ്. ഗസ്സയിൽ ഇതുവരെ ഇസ്രായേൽ 44,282 പേരെയാണ് കൊലപ്പെടുത്തിയത്. ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേൽ സുരക്ഷ മന്ത്രിസഭ വെടിനിർത്തലിന് അംഗീകാരം നൽകിയത്.

തെക്കൻ ലബനാനിൽ ഇസ്രായേൽ സേന നിലയുറപ്പിച്ച ഭാഗങ്ങളിൽ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാർ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിർത്തൽ. ലബനാൻ- ഇസ്രായേൽ അതിർത്തിയിൽനിന്ന് 28 കിലോമീറ്റർ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികൾ പിൻവാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിർത്തിയിൽ 5000 ലബനാൻ സൈനികരെ വിന്യസിക്കണം.

ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേൽ, ഫ്രാൻസ്, യു.എസ് എന്നിവ സംയുക്തമായി ലബനാൻ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ച പ്രാബല്യത്തിൽ വരുന്നതിന് നാലു മണിക്കൂർ മുമ്പ് കുടിയൊഴിപ്പിക്കൽ ഉത്തരവിറക്കിയും ഒരു മണിക്കൂർ മുമ്പും വ്യോമാക്രമണം തുടർന്നും ലബനാനിൽ ഭീതി വിതച്ചായിരുന്നു ഇസ്രായേൽ താൽക്കാലിക വെടിനിർത്തൽ.

Tags:    
News Summary - Biden OKs $680m Israel arms sale despite new Gaza ceasefire push

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.