ന്യൂയോര്‍ക്: ലോകം അന്ത്യദിനത്തിലേക്ക് അടുത്തുവെന്ന് ആണവശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളുടെയും നേതാക്കളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനായി തയാറാക്കിയിട്ടുള്ള പ്രതീകാത്മക ‘അന്ത്യദിന ഘടികാര’ത്തിന്‍െറ (ഡൂംസ് ഡേ ക്ളോക്) സൂചി അര്‍ധരാത്രിയോട് രണ്ടര മിനിറ്റ് മാത്രം അകലെയാണിപ്പോള്‍. ട്രംപ് അധികാരമേറ്റ് ഒരാഴ്ചക്കിടെയുണ്ടായ സംഭവവികാസങ്ങളുടെയും മറ്റും പശ്ചാത്തലത്തിലാണ് ഘടികാരസൂചി അര മിനിറ്റുകൂടി ഗവേഷകര്‍ മുന്നോട്ടുവെച്ചത്. ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്‍റിസ്റ്റ് എന്ന ഗവേഷകസംഘമാണ് ഡൂംസ് ഡേ ക്ളോക് തയാറാക്കുന്നത്.
എന്തുകൊണ്ട് സൂചി മുന്നോട്ടുവെച്ചുവെന്നതിന്‍െറ കാരണങ്ങള്‍ സംഘം കഴിഞ്ഞദിവസം പുറത്തിറക്കിയ 18 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ട്രംപിന്‍െറ ചില പ്രഖ്യാപനങ്ങളാണ്. ആണവായുധ വ്യാപനത്തെക്കുറിച്ച് ട്രംപ് സത്യപ്രതിജ്ഞയുടെ ഏതാനും ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു.
അതിനുപുറമെ, ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള നടപടികളോടുള്ള ട്രംപിന്‍െറ അവഗണനയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ലോകത്തിന്‍െറ ആണവായുധങ്ങളില്‍ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത് യു.എസും റഷ്യയുമാണ്. ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രപ്രശ്നങ്ങള്‍ ലോകത്തിനുതന്നെ വലിയ ഭീഷണിയാണെന്ന് സംഘം വിലയിരുത്തുന്നു. ഇതിനുപുറമെ, ഉ.കൊറിയയുടെ ആണവ പരീക്ഷണങ്ങളും വലിയ ഭീഷണിയാണ്.
1947ല്‍ അമേരിക്കയിലെ ഷികാഗോ സര്‍വകലാശാലയിലാണ് ഡൂംസ് ഡേ ക്ളോക് സ്ഥാപിച്ചത്. അമേരിക്ക ആദ്യമായി അണുബോംബ് നിര്‍മിച്ച സംഘത്തില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ 1945ല്‍ തുടങ്ങിയ ബുള്ളറ്റിന്‍ ഓഫ് ദ ആറ്റമിക് സയന്‍റിസ്റ്റ്സ് എന്ന പ്രസിദ്ധീകരണത്തിന്‍െറ അംഗങ്ങളാണ് 1947ല്‍ അന്ത്യദിനഘടികാരത്തിന് രൂപം നല്‍കിയത്. ഘടികാരത്തിന്‍െറ പുനക്രമീകരണം നടത്താന്‍ ചുമതലയുള്ള സംഘത്തില്‍ ലോകപ്രശസ്തരായ ഒട്ടേറെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്നു. 1953ല്‍, സോവിയറ്റ് യൂനിയന്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചപ്പോഴാണ് ഘടികാരം അര്‍ധരാത്രിയോട് ഏറ്റവും അടുത്തത്; രണ്ട് മിനിറ്റ്. ഏഴു വര്‍ഷത്തിനിടെ അത് ഏഴ് മിനിറ്റിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. 1991ല്‍ സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ ക്ളോക് അര്‍ധരാത്രിയില്‍നിന്ന് 17 മിനിറ്റ് അകലെയായിരുന്നു.
ആദ്യകാലങ്ങളില്‍ പ്രധാനമായും ആണവായുധങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയായിരുന്നു സൂചികള്‍ ക്രമീകരിച്ചിരുന്നുവെങ്കില്‍ പുതിയ നൂറ്റാണ്ടില്‍ കാലാവസ്ഥ വ്യതിയാനമുള്‍പ്പെടെ അനേകം ഘടകങ്ങള്‍ പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.