ഇസ്ലാമാബാദ്: ഇന്ത്യക്കും പാകിസ്താനുമിടയിലെ ഏക പ്രശ്നം കശ്മീർ ആണെന്നും അത് പരിഹരിക്കാൻ കെൽപുള്ള നേതൃത്വം ഇരുവർക്കുമുണ്ടെന്നും പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. കർതാർപുർ ഇടനാഴിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇംറാൻ. പഞ്ചാബിലെ ഗുർദാസ് പുരിലെ ഗുരുനാനാക് ദേരയെ പാകിസ്താനിലെ കർതാർപുർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. മനുഷ്യത്വം മുൻനിർത്തി കശ്മീർ പ്രശ്നം പരിഹരിക്കണം. ഇന്ത്യയുമായി ഉൗഷ്മളബന്ധം വേണമെന്ന കാര്യത്തിൽ പാക് സർക്കാറിനും സൈന്യത്തിനും ഒരേ നിലപാടാണ്.
പാക്സൈന്യം സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ സന്ദർശിച്ചപ്പോൾ ചിലർ പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങൾ ഇന്ത്യയുമായി ഉൗഷ്മള ബന്ധം ആഗ്രഹിക്കുന്നു. 70 വർഷമായി നാം പരസ്പരം പോരാടുന്നു. എത്രകാലം പരസ്പരം കുറ്റപ്പെടുത്തിയുള്ള കളി തുടരും. എല്ലായ്പോഴും ഒരുപടി മുന്നോട്ടുവെക്കുകയും പിന്നീട് രണ്ടുപടി പിന്നോട്ടു പോവുകയുമാണ്. വർഷങ്ങളായി യുദ്ധത്തിലേർപ്പെട്ട ജർമനിയും ഫ്രാൻസും ഇപ്പോൾ െഎക്യത്തിൽ കഴിയുന്നില്ലേ. പിന്നെ എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്താനും അതു സാധിക്കുന്നില്ലെന്നു ഇംറാൻ ചോദിച്ചു. സമാധാനത്തിന് ഇന്ത്യ ഒരുചുവട് മുന്നോട്ട്വെച്ചാൽ പാകിസ്താൻ രണ്ടുചുവടു മുന്നിൽ നടക്കും. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഒരുങ്ങുന്ന കാലമാണ്. പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്നും ഇംറാൻ സൂചിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ ബാദലും ഹർദീപ് സിങ് പുരിയും പഞ്ചാബ് മന്ത്രി നവജ്യോത്സിങ് സിദ്ദുവും പാക് സൈനിക മേധാവി ഖമർ ജാവേദ് ബാജ്വയും ചടങ്ങിൽ പെങ്കടുത്തു. പാകിസ്താൻ സന്ദർശിക്കുന്നതിെൻറ പേരിൽ സിദ്ദുവിനെ കുറ്റപ്പെടുത്തുന്നവരെയും ഇംറാൻ വിമർശിച്ചു. അദ്ദേഹം തെൻറ സത്യപ്രതിജ്ഞാചടങ്ങിനെത്തിയപ്പോഴും ആളുകൾ വിമർശിച്ചിരുന്നു. സമാധാനത്തിെൻറയും സാഹോദര്യത്തിെൻറയും ഭാഷയിലാണ് സിദ്ദുവിെൻറ സംസാരം. വിമർശിക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. പഞ്ചാബിൽനിന്ന് പാകിസ്താനിൽ വന്ന് സിദ്ദു മത്സരിക്കുന്നുവെങ്കിൽ വിജയം ഉറപ്പാണ്.
ഇരുരാജ്യങ്ങൾക്കുമിടയിലെ ശാശ്വത സമാധാനത്തിന് സിദ്ദു പ്രധാനമന്ത്രിയാകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് കരുതുന്നുവെന്നും ഇംറാൻ കൂട്ടിച്ചേർത്തു. രവി നദിക്കരയിലാണ് കർതാർപുർ. ആയിരക്കണക്കിന് സിഖുകാർ ഗുരുനാനാക്കിെൻറ ജന്മദിനം ആഘോഷിക്കാൻ പാകിസ്താനിലെത്താറുണ്ട്. 20 വർഷംമുമ്പ് ഇന്ത്യയാണ് ഇത്തരമൊരു ഇടനാഴിക്കായി നിർദേശം മുന്നോട്ടുവെച്ചത്. ആഗസ്റ്റിൽ സിദ്ദു ഇംറാെൻറ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വേളയിൽ കർതാർപുർ ഇടനാഴി വാർത്തകളിൽ നിറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്ന് നവജ്യോത്സിങ് സിദ്ദു അഭിപ്രായപ്പെട്ടു. കർതാർപുർ ഇടനാഴി ഇരുരാഷ്ട്രങ്ങളിലെയും ജനഹൃദയങ്ങളെ ഒന്നിപ്പിക്കാൻ നിമിത്തമാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.