വാഷിങ്ടൻ: ഏതു കഠിന ഹൃദയരിലും നടുക്കം സൃഷ്ടിക്കുന്നതാണ് യുദ്ധക്കളമായ സിറിയയിൽനിന്നുള്ള ആ ചിത്രങ്ങൾ. ജീവിതത്തിെൻറ അന്ത്യനിമിഷങ്ങളിൽ ആ കുഞ്ഞുങ്ങൾ കാട്ടിക്കൂട്ടുന്നതത്രയും വിവരിക്കാൻ വാക്കുകൾ മതിയാവില്ല. ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂൽപ്പാലത്തിൽ കഴിയുന്ന നിമിഷം.
രാസായുധാക്രമണത്തിൽ ശ്വാസംനിലച്ച ഇരട്ടക്കുട്ടികളുടെ ചലനമറ്റ ശരീരങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചു കരയുന്ന അബ്ദുൽ ഹമീദ് എന്ന പിതാവിെൻറ ചിത്രമാണ് ആദ്യത്തേത്. ഭാര്യയുൾപ്പെടെ കുടുംബത്തിലെ 20 പേരെയാണ് അബ്ദുൽ ഹമീദിന് നഷ്ടമായത്. രാസവാതകം ശ്വസിച്ച് ചലനം നഷ്ടപ്പെട്ട കുട്ടികളെ വെള്ളമൊഴിച്ചു ഉണർത്താൻ ശ്രമിക്കുന്നതാണ് രണ്ടാമത്തെ ചിത്രം.
ഇൗ ചിത്രങ്ങളാണ് സിവിലിയന്മാർക്കുനേരെ രാസായുധം പ്രയോഗിച്ച ബശ്ശാർ ഭരണകൂടത്തിനെതിരെ കടുത്ത നടപടിക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പുറത്തുവിട്ട റിപ്പോർട്ട്. ‘‘കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുകയാണ്. ദൈവം ഭൂമിയിലേക്ക് വിട്ട ഒരു കുഞ്ഞുപോലും ഇനിയിങ്ങനെ വേദനിച്ചു കരയാൻ പാടില്ല’’ -ഇതായിരുന്നു യു.എസ് സൈന്യത്തിന് ട്രംപിെൻറ നിർദേശം. രാസായുധപ്രയോഗത്തിൽ കൊല്ലപ്പെട്ട 87 പേരിൽ 27 കുട്ടികളുമുണ്ടായിരുന്നു. ഏതുതരത്തിലുള്ള രാസായുധമാണ് ബശ്ശാർ ഭരണകൂടം പ്രയോഗിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. 2013ൽ ഡമസ്കസിൽ നടന്ന ആക്രമണത്തിൽ സരിൻ എന്ന മാരകമായ വാതകമായിരുന്നു പ്രയോഗിച്ചത്. ശ്വസിച്ച് മിനിറ്റുകൾക്കകം ജീവനെടുക്കാൻ കഴിയുന്നതാണീ വാതകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.