മെക്സികോ സിറ്റി: നെഞ്ചുലക്കുന്നതാണ് മെക്സികോ-യു.എസ് അതിർത്തിയിലെ റിയോ ഗ്രാ ൻഡ് നദിയിൽ ജീവനറ്റ് കിടക്കുന്ന പിതാവിെൻറയും കുഞ്ഞുമകളുടെയും ചിത്രം. തുർക്കി ക ടലോരത്ത് മുഖംപൂഴ്ത്തി ചലനമറ്റ് കിടന്ന ഐലൻ കുർദിയുടെ ചിത്രത്തിനു ശേഷം മറ്റൊന ്നും മനുഷ്യമനഃസാക്ഷിയെ ഇത്രമേൽ നൊമ്പരപ്പെടുത്തിയിട്ടുണ്ടാകില്ല.
പട്ടിണിയുട െയും ദാരിദ്ര്യത്തിെൻറയും അഴിമതിയുടെയും ഇരുണ്ട ലോകത്തുനിന്ന് മെച്ചപ്പെട്ട ജീവിതം തേടിയുള്ള യാത്രയാണ് മരണത്തിൽ കലാശിച്ചത്. എൽസാൽവദോറിൽനിന്നുള്ള കുടിയേറ്റക്കാരാണ് രണ്ടുവയസ്സുള്ള കുഞ്ഞും പിതാവും. നദി കുറുകെ കടന്ന് ടെക്സാസിലെത്താൻ ശ്രമിക്കവെയാണ് 26 വയസ്സുള്ള ഓസ്കർ ആൽബർട്ടോ മാർട്ടിനസ് റാമിറസും മകൾ വലേരിയയും മരണത്തിെൻറ ആഴങ്ങളിലേക്കു പോയത്. പിതാവിെൻറ ടീഷർട്ടിനുള്ളിലായാണ് കുഞ്ഞും കിടന്നിരുന്നത്. ഒരു കൈകൊണ്ടവൾ പിതാവിനെ മുറുകെ പുണർന്നിരുന്നു. ശ്വാസംകിട്ടാതെ പിടയുന്ന വേളയിലാകാം അഭയത്തിനായി പിതാവിനെ ചേർത്തുപിടിച്ചത്. മാധ്യമപ്രവർത്തകയായ ജൂലിയ ലെ ഡ്യൂക് പകർത്തിയ ചിത്രം മെക്സിക്കൻ പത്രമാണ് പ്രസിദ്ധീകരിച്ചത്.
ഭാര്യ വനേസ അവലോസിനും മകൾക്കുമൊപ്പം ഞായറാഴ്ചയാണ് മാർട്ടിനസ് മെക്സിക്കൻ അതിർത്തിയിലെത്തിയത്. അഭയം തേടുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ആഴ്ചകൾ എടുക്കുമെന്ന് മനസ്സിലായപ്പോൾ നദി കുറുകെ കടന്ന് യു.എസിലെത്താൻ തീരുമാനിക്കുകയായിരുന്നു. മകളെയും കൊണ്ട് മാർട്ടിനസ് ആദ്യം നീന്തിക്കടന്നു. നദിക്കരയിൽ കുഞ്ഞിനെ നിർത്തി ഭാര്യയെ കൂട്ടാനായി തിരിച്ചു നീന്തുന്നതിനിടെ വലേരിയ നദിയിലേക്ക് വീണു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടുപേരും ഒഴുക്കിൽപെട്ടു. കൈയിൽ കിട്ടിയപ്പോൾ അവളെ ചേർത്തുപിടിച്ചാണ് മാർട്ടിനസ് നീന്തിത്തുടങ്ങിയത്. പിന്നീട് രണ്ടുപേരും നദിയുടെ ആഴങ്ങളിലാണ്ടു. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
മകളും ഭർത്താവും മുങ്ങിത്താഴുന്നതുവരെ നോക്കിനിൽക്കാനേ വനേസക്കു കഴിഞ്ഞുള്ളൂ. തിരിച്ചു പോകാമെന്നും നദി നീന്തിക്കടക്കരുതെന്നും താൻ കെഞ്ചിപ്പറഞ്ഞിട്ടും വീടുണ്ടാക്കാനും മെച്ചപ്പെട്ട ജീവിതത്തിനും പണം വേണമെന്നും തിരിച്ചുപോക്കില്ലെന്നു പറഞ്ഞാണു മകൻ നദിയിൽ ഇറങ്ങിയതെന്നും കണ്ണീരോടെ മാർട്ടിനസിെൻറ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷിത ഇടം തേടി കുടിയേറ്റക്കാരുടെ പ്രവാഹമാണ് യു.എസിലേക്ക്. ഏതുവിധേനയും അത് തടയാനുള്ള ശ്രമങ്ങൾ യു.എസ് തുടരുന്നതിനിടെയാണ് ഹൃദയഭേദകമായ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സുരക്ഷിത താവളത്തിലെത്താൻ എത്രത്തോളം അപകടങ്ങൾ നിറഞ്ഞ വഴികളാണ് അഭയാർഥികൾ സ്വീകരിക്കുന്നത് എന്നതിെൻറ നേർചിത്രമാണിത്. ഞായറാഴ്ച മെക്സിക്കൻ അതിർത്തിയിൽതന്നെ കനത്ത ചൂട് സഹിക്കാനാവാതെ മൂന്നു കുഞ്ഞുങ്ങളും അമ്മയും വെന്തുമരിച്ച വാർത്ത പുറത്തുവന്നിരുന്നു. അതുപോലെ ഉള്ളുലക്കുന്നതായിരുന്നു അരിസോണയിലെ മരുഭൂമിയിൽ ദാഹിച്ചു വലഞ്ഞ ഇന്ത്യൻ ബാലികയുടെ മരണവാർത്തയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.