ഒരായിരം ചന്ദ്രന്മാര്‍ ഒന്നായ കഥ

ന്യൂയോര്‍ക്ക്: ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രന്‍െറ ഉദ്ഭവത്തെക്കുറിച്ച് പ്രപഞ്ചവിജ്ഞാനീയത്തില്‍ പല പഠനങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ചന്ദ്രനും ഭൂമിയും ഒരു കാലത്ത് ഒന്നായിരുന്നുവെന്നും പിന്നീട് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍നിന്ന് ചന്ദ്രന്‍ വേര്‍പെട്ടുപോവുകയായിരുന്നുവെന്നുമൊക്കെ സമര്‍ഥിക്കുന്ന സിദ്ധാന്തങ്ങള്‍ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട് (ചന്ദ്രന്‍ വേര്‍പെട്ടുപോയ ഭാഗമാണത്രെ പസഫിക് സമുദ്രം).

പില്‍ക്കാലത്ത് ഈ സിദ്ധാന്തം തള്ളപ്പെട്ടെങ്കിലും ഇതിന്‍െറ തുടര്‍ച്ചയായി പുതിയ ആശയങ്ങള്‍ ചാന്ദ്ര രൂപവത്കരണത്തെക്കുറിച്ച് വന്നുകൊണ്ടിരുന്നു. ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സിദ്ധാന്തം ഒരു സംഘം ഗവേഷകര്‍ മുന്നോട്ടുവെച്ചിരിക്കുന്നു.

ഇന്നു നാം കാണുന്ന ചന്ദ്രനല്ല ഭൂമിയുടെ ആദ്യ ഉപഗ്രഹമെന്നാണ് ഇസ്രായേലി ശാസ്ത്രജ്ഞനായ ഹഗായ് പീറെറ്റ്സിന്‍െറ നേതൃത്വത്തിലുള്ള ഗവേഷകരുടെ പക്ഷം. മറിച്ച്, ഒന്നിലേറെ ചന്ദ്രന്മാര്‍ ഭൂമിയെ വലംവെച്ചിരുന്നു. അവ പ്രത്യേക സാഹചര്യത്തില്‍ ഭൂമിയുമായി കൂട്ടിയിടിച്ചാണ് ഇന്നത്തെ ചന്ദ്രന്‍ ഉണ്ടായതെന്നാണ് ഇവരുടെ സിദ്ധാന്തത്തിന്‍െറ ചുരുക്കം.

സൗരയൂഥത്തിന്‍െറ രൂപവത്കരണ കാലത്ത് ഭൂമി ഇന്ന് കാണുന്നതുപോലെയല്ല. ഭൂമി അതിന്‍െറ സവിശേഷതകളില്‍ പൂര്‍ണത കൈവരിച്ചിരുന്നില്ല. ഈ സമയത്ത് ഭൂമിയെ അനേകം ചെറുഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രഹങ്ങളില്‍ പലതും ‘തെറിച്ച്’ സൗരയൂഥത്തിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് പോയി. മറ്റുള്ളവ ഭൂമിയുമായി കൂട്ടിയിടിച്ചു. ഇത് പുതിയൊരു ഉപഗ്രഹ രൂപവത്കരണത്തിന് വഴിവെച്ചെന്നാണ് ഇവരുടെ പഠനം പറയുന്നത്.
നിലവില്‍, ഭൂമിയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഏറ്റവും സ്വീകാര്യമായ സിദ്ധാന്തത്തോട് ഏറെ അടുത്തുനില്‍ക്കുന്നതാണ് ഹഗായിയുടെയും സംഘത്തിന്‍െറയും നിഗമനങ്ങള്‍. ഭൂമി ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുമുമ്പ് നിരവധി ചെറു ഗ്രഹങ്ങളുടെ കൂട്ടിയിടിക്ക് വിധേയമായതായി ഭൗമ ഉദ്ഭവ സിദ്ധാന്തം സമര്‍ഥിക്കുന്നുണ്ട്.

ഈ കൂട്ടിയിടിയിലൂടെയാണ് സൗരയൂഥത്തിന്‍െറ വിവിധ ഭാഗങ്ങളിലായുള്ള പല പദാര്‍ഥങ്ങളും ഭൂമിയിലത്തെിയതെന്നും ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. ഈ കൂട്ടിയിടി തന്നെയാകാം ചന്ദ്രന്‍െറ പിറവിയിലേക്ക് വഴിവെച്ചതെന്ന അധിക വിവരമാണ് കമ്പ്യൂട്ടര്‍ സിമുലേഷന്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഹഗായിയുടെ സംഘവും ശാസ്ത്രലോകത്തിന് നല്‍കുന്നത്.

ടെക്നിയോണ്‍-ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ചേര്‍ന്നാണ് ഗവേഷണത്തിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയത്. ഗവേഷണഫലം നാച്വര്‍ ജിയോ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - story of the moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.