വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന യാത്രവിലക്കിന് അംഗീകാരം നൽകിയ സുപ്രീംകോടതി വിധിയിൽ ആശങ്കയും പ്രതിഷേധവും. ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമായ വിലക്കിൽ ഇന്തോ-അമേരിക്കൻ സാമൂഹിക സംഘടനകളടക്കം ആശങ്ക പങ്കുവെച്ചു.
ചൊവ്വാഴ്ച വിധി പുറപ്പെടുവിച്ച കോടതിക്കു മുന്നിൽ നിരവധി പേർ നിയമത്തിനെതിരെ പ്രതിഷേധവുമായും രംഗത്തെത്തി. ‘നിരോധനം വേണ്ട, മതിലും വേണ്ട’ എന്നെഴുതിയ പ്ലക്കാർഡുമായാണ് പലരും പ്രതിഷേധത്തിൽ പെങ്കടുത്തത്.
നിരോധിത രാജ്യങ്ങളിൽനിന്നുള്ള കുടുംബങ്ങൾ സുപ്രീംകോടതി വിധിയിൽ കടുത്ത പ്രതിഷേധത്തിലാണ്. 2017 ജനുവരിയിൽ ട്രംപ് ഭരണകൂടം വിവാദ യാത്രവിലക്കിന് അംഗീകാരം നൽകിയപ്പോൾ ആശ്വാസകരമായ വിധിയാണ് പല കോടതികളിൽനിന്നും ലഭിച്ചത്.
അതിനാൽതന്നെ സുപ്രീംകോടതിയിൽനിന്ന് കുടിയേറ്റവിരുദ്ധമായ വിധി കൂടുതൽ പേരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽതന്നെ ട്രംപിന് ഭരണമേറ്റ ശേഷം കോടതികളിൽനിന്ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് വിധി വിലയിരുത്തപ്പെട്ടത്. ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് കോടതി വിധിയെന്ന് ഇന്തോ-അമേരിക്കൻ കോൺഗ്രസ് അംഗമായ പ്രമീള ജയപാൽ പറഞ്ഞു. അമേരിക്കക്കാരുടെ മൗലികാവകാശം സംബന്ധിച്ചാണ് ഇവിടെ ചോദ്യമുയരുന്നത്.
യു.എസ് പ്രസിഡൻറിന് ഏതൊരു രാജ്യത്തുള്ളവരെ ഉന്നംവെക്കാനും വിവേചനം കാണിക്കാനും അധികാരമാണ് ലഭിച്ചിരിക്കുന്നത്. എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് -അവർ പറഞ്ഞു. സിഖ്-അമേരിക്കൻ ലീഗൽ ഫണ്ട് ആൻഡ് എജുക്കേഷൻ ഫണ്ട്, സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ തുടങ്ങിയ സംഘടനകളും വിധിക്കെതിരെ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.