വാഷിങ്ടൺ: ചൈനക്കെതിരെ വീണ്ടും നികുതി ചുമത്തുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സി.ബി.എസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈന യു.എസ് രാഷ്ട്രീയത്തിൽ ഇടപെടുന്നതായും റഷ്യെയക്കാൾ വലിയ പ്രശ്നം ഇത് സൃഷ്ടിക്കുന്നതായും പ്രസിഡൻറ് ആരോപിച്ചു.
യു.എസ് അധികനികുതി ചുമത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ-രാഷ്ട്രീയ ബന്ധം വഷളായിരിക്കെയാണ് സമവായത്തിനില്ലെന്ന സൂചന നൽകുന്ന പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
യു.എസുമായി നീതിപൂർവകമായ കരാറിന് അവർ സന്നദ്ധമാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. നമ്മുടെ വിപണിപോലെ അവരുടെ വിപണിയും തുറന്നിടണം. റഷ്യ 2016 പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ, ചൈനയും ഇടപെട്ടതായാണ് ഞാൻ കരുതുന്നത് -ട്രംപ് പറഞ്ഞു.
യു.എസ് ഇറക്കുമതി ചെയ്യുന്ന വിവിധ ചൈനീസ് ഉൽപന്നങ്ങൾക്ക് ഇതിനകം മൂന്നു തവണകളായി അധികനികുതി ചുമത്തിയിട്ടുണ്ട്. തിരിച്ചടിയെന്നോണം യു.എസ് ഉൽപന്നങ്ങൾക്ക് ചൈനയും നികുതി ചുമത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.
കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാൻ കോടിക്കണക്കിന് സമ്പത്ത് െചലവഴിക്കാനും ജോലികൾ നഷ്ടപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കാലാവസ്ഥ വ്യതിയാനം എന്ന യാഥാർഥ്യത്തെ നിരാകരിക്കുന്നില്ലെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നല്ല ബന്ധത്തിലാണെന്നും എല്ലാ ഭീഷണികളും അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.