യു.എസ് സൈന്യത്തില്‍ താടിക്കും തലപ്പാവിനും ഹിജാബിനും അനുമതി

വാഷിങ്ടണ്‍: യു.എസില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ആ കാരണത്താല്‍ താടിയും തലപ്പാവും ഹിജാബും ഇനി ഉപേക്ഷിക്കേണ്ടിവരില്ല. വിശ്വാസം മുറുകെ പിടിക്കാന്‍ സൈനികസേവനം മാറ്റിനിര്‍ത്തേണ്ടതുമില്ല. സൈന്യത്തില്‍  ഇവ അനുവദിച്ചുകൊണ്ടു പുതിയ നിയമനിര്‍ദേശം യു.എസ് സൈന്യം പുറപ്പെടുവിച്ചു. ന്യൂനപക്ഷ മതവിശ്വാസങ്ങളെയും സംസ്കാരങ്ങളെയും  ഉള്‍ക്കൊള്ളുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനമെന്ന്  സൈനിക സെക്രട്ടറി എറിക് ഫാനിങ് പറഞ്ഞു.

നേരത്തേ സെക്രട്ടറിതല തസ്തികകളില്‍ ഒതുങ്ങിയിരുന്ന വിശ്വാസചിഹ്നങ്ങള്‍ ധരിക്കാനുള്ള അനുമതി സൈന്യത്തിലെ ഉയര്‍ന്ന തസ്തികയായ ബ്രിഗേഡ് തലത്തിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ചെയ്തത്. ഇത് സുപ്രധാനമായ ചുവടുവെപ്പാണ്. സിഖ്-അമേരിക്കന്‍ വിഭാഗക്കാര്‍ക്കുവേണ്ടി മാത്രമല്ല, രാജ്യത്തെ സൈന്യത്തിനുവേണ്ടി തന്നെയാണ്. യു.എസിലെ സിഖുകാര്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നവരാണ്.

  യു.എസ് പൗരന്മാര്‍ക്കൊപ്പം രാജ്യത്തെ സേവിക്കാന്‍ നല്ളൊരു അവസരത്തിനായി അവര്‍ കാത്തിരിക്കുകയാണ്. പുതിയ പ്രഖ്യാപനം അവര്‍ക്ക് അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായകമാവും -യു.എസ് കോണ്‍ഗ്രസ്മാന്‍ ജോ ക്രൗലി പറഞ്ഞു. തീരുമാനത്തെ സിഖ് അമേരിക്കന്‍ വംശജരും യു.എസ് സാമാജികരും സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി ഇതിനായി അവര്‍ കാമ്പയിന്‍ നടത്തിവരുകയായിരുന്നു. 

പ്രഖ്യാപനം വരുന്നതിനുമുമ്പ് വളരെ പരിമിതമായ തസ്തികകളില്‍ മാത്രമേ സിഖ് വംശജര്‍ക്കടക്കം മതവിശ്വാസപ്രകാരമുള്ള ചിഹ്നങ്ങള്‍ ധരിക്കാന്‍ ആവുമായിരുന്നുള്ളൂ. തീരുമാനം വരുന്നതിന്‍െറ തലേ ദിവസം സിഖ് ഓഫിസര്‍മാരെ മതചിഹ്നങ്ങള്‍ അണിയാന്‍ അനുവദിക്കുമെന്ന് ന്യൂയോര്‍ക് പൊലീസ് ഡിപ്പാര്‍ട്മെന്‍റ് പുറത്തുവിട്ടിരുന്നു.  

മുസ്ലിം സ്ത്രീകള്‍ രാജ്യത്ത് വിവിധ മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ചുവരുന്ന ഘട്ടത്തിലാണ് അവര്‍ക്കുകൂടി അനുകൂലമാവുന്ന സുപ്രധാന തീരുമാനം.  ശിരോവസ്ത്രം ധരിച്ച പ്രഥമ മുസ്ലിം വനിതയെ  യു.എസ് കോണ്‍ഗ്രസ് അംഗമായി 2016ല്‍ തെരഞ്ഞെടുത്തിരുന്നു.

Tags:    
News Summary - US Army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.