വാഷിങ്ടൺ/ബ്രസൽസ്/തെഹ്റാൻ: ഇറാനെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഉൗർജേതര മേഖലകൾക്കാണ് ഉപരോധം ബാധകമാക്കിയിരിക്കുന്നത്. ഇറാനുമായി വ്യാപാരം നടത്തുന്നവരെയും ബഹിഷ്കരിക്കുമെന്ന് ഉപരോധത്തിെൻറ ഒന്നാം ദിവസം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങളെ ട്വിറ്ററിലൂടെ താക്കീത് ചെയ്തു.
അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്നവർക്ക് സംരക്ഷണവുമായി യൂറോപ്യൻ യൂനിയൻ (ഇ.യു) രംഗത്തുവന്നു. അമേരിക്കയുടെ താൽപര്യത്തിന് വഴങ്ങരുതെന്ന് കമ്പനികൾക്ക് യൂനിയൻ നിർദേശം നൽകി. യു.എസ് ഉപരോധം ഭയന്ന് ഇറാനുമായി വ്യാപാരം റദ്ദാക്കുന്നവർക്കെതിരെ അംഗരാജ്യങ്ങൾ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.യു പ്രസ്താവനയിൽ പറഞ്ഞു.
ഉപരോധം മൂലം നഷ്ടംനേരിടുന്ന കമ്പനികൾക്ക് യു.എസ് ഭരണകൂടത്തിനെതിരെ അംഗരാജ്യങ്ങളിലെ കോടതികളിൽ നിയമനടപടി സ്വീകരിക്കാനുള്ള സംവിധാനവും തുടങ്ങിയതായി 28 രാജ്യങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു. ചൈനയും റഷ്യയുമായി ചേർന്ന് യൂറോപ്പിെൻറ സാമ്പത്തികതാൽപര്യവും ആണവകരാറും സംരക്ഷിക്കാൻ ഇ.യു പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവന വ്യക്തമാക്കി.
ഇ.യു നിലപാടിനെ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി അനുമോദിച്ചു. യു.എസിേൻറത് മാനസികയുദ്ധമാണെന്ന് ആരോപിച്ച അദ്ദേഹം കടുത്തഭാഷയിൽ അവരെ വിമർശിച്ചു. ‘‘എതിരാളിയുടെ കൈയിൽ കത്തി കുത്തിയിറക്കിയാണ് സംഭാഷണം വേണമെന്ന് പറയുന്നത്. ആദ്യം അവർ കത്തിയൂരി കീശയിൽ വെക്കെട്ട’’ -റൂഹാനി പറഞ്ഞു.
പ്രതിസന്ധിയെ മറികടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് പ്രതികരിച്ചു.കഴിഞ്ഞ മേയിലാണ് ഇറാനുമായി ഒപ്പുവെച്ച ആണവകരാറിൽനിന്ന് ട്രംപ് പിൻവാങ്ങൽ പ്രഖ്യാപിച്ചത്. തുടർന്ന് ഇറാനെതിരെ രണ്ടു ഘട്ടങ്ങളിലായി ഉപരോധവും പ്രഖ്യാപിച്ചു. നവംബർ നാലിന് തുടങ്ങുന്ന അടുത്ത ഘട്ടത്തിൽ, ഉപരോധം ഉൗർജമേഖലയിലെ ഇടപാടുകൾക്കും ബാധകമാക്കും.
എണ്ണവില ഉയർന്നു
ഇറാനെതിരെ യു.എസ് ഉപരോധം പ്രാബല്യത്തിലായതിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നു. ബ്രെൻറ് ക്രൂഡിന് ചൊവ്വാഴ്ച 1.27 ശതമാനം വില ഉയർന്ന് ബാരലിന് 74.69 ഡോളറായി (5130 രൂപ). ഉപരോധത്തിെൻറ പ്രത്യാഘാതം ആഗോളതലത്തിൽ വളരെ വേഗത്തിൽതന്നെ പ്രതിഫലിക്കുമെന്നതിെൻറ സൂചനകളാണ് ഇപ്പോൾ വരുന്നത്.
നവംബറിൽ ഉപരോധത്തിെൻറ അടുത്തഘട്ടത്തിലേക്ക് കടന്നാൽ, ലോകരാജ്യങ്ങളെ-മൂന്നാംലോക രാജ്യങ്ങളെ വിശേഷിച്ചും- അലട്ടുന്ന പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനക്ഷാമം തുടങ്ങിയ പ്രതിസന്ധികൾ ഇനിയും വഷളാകുമെന്ന് സാമ്പത്തിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.