യു.എസ് പ്രതിസന്ധിയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പും

സാമ്പത്തിക പ്രതിസന്ധിക്ക് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പോംവഴി എത്രമാത്രം യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതാണ്? അമേരിക്കന്‍ മുതലാളിത്തം നേരിടുന്ന അടിസ്ഥാന വെല്ലുവിളികള്‍ പരിഹരിക്കാന്‍ അവക്കാവുമോ? 2000-2010 കാലയളവില്‍ ഒഹായോവില്‍ മാത്രം 49 ശതമാനം ആളുകളാണ് നിര്‍മാണരംഗത്ത് തൊഴില്‍രഹിതരായത്. ട്രംപിന് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കപ്പെടുന്ന സംസ്ഥാനമാണിത്. കഴിഞ്ഞ ദശകങ്ങളില്‍ ഈ സംസ്ഥാനം ഡെമോക്രാറ്റുകളുടെ കോട്ടയായിരുന്നു.  ജോലിചെയ്യുക, പണം സമ്പാദിക്കുക, നല്ല ഭക്ഷണം കഴിക്കുക, തലചായ്ക്കാനിടം, കുട്ടികളുടെ വിദ്യാഭ്യാസം... ശരാശരി അമേരിക്കക്കാരന്‍െറ സ്വപ്നമാണിത്. ആദ്യകാലത്ത് സ്റ്റീല്‍ മില്ലുകളും ചെറുകിട വാഹനനിര്‍മാണ കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് അന്നം നല്‍കിയത്. അതുവഴി അവരുടെ സ്വപ്നം യാഥാര്‍ഥ്യമായി.

എന്നാല്‍, 30 വര്‍ഷംകൊണ്ട് ഒഹായോവിലെ തൊഴിലുകളുടെ എണ്ണം പതിനായിരത്തില്‍നിന്ന് 1500ലേക്ക് കുത്തനെയിടിഞ്ഞു. വൈകാതെ ആ ചെറുകിട യൂനിറ്റുകളില്‍ പലതും അടച്ചുപൂട്ടി. ഇന്ന് അമേരിക്കയിലെ 15.2 കോടി തൊഴിലുകളില്‍ എട്ടു ശതമാനം മാത്രമാണ് നിര്‍മാണമേഖലയില്‍നിന്നുള്ളതെന്ന് സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനുമായ ജെയിംസ് ഗാല്‍ബ്രെയ്ത് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് കയറ്റുമതികള്‍ക്കും ഉല്‍പാദനം അമേരിക്കക്ക് പുറത്തേക്ക്  കയറ്റി അയക്കുന്ന കോര്‍പറേറ്റ് കമ്പനികള്‍ക്കും വന്‍നികുതിയേര്‍പ്പെടുത്തുമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തിന് സ്വീകാര്യതയേറുന്നത്.

ഒഹായോവിലെ ഡെമോക്രാറ്റുകള്‍പോലും ട്രംപ് പ്രസിഡന്‍റാവണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്യുന്നു. എന്നാല്‍, ട്രംപ് വാഗ്ദാനം ചെയ്യുന്നതുപോലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ആവില്ളെന്ന് ഗാള്‍ബ്രെയ്ത് ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി നിര്‍ത്തി ആഭ്യന്തര ഉല്‍പാദനം നടത്താന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍, തൊഴിലാളികളുടെ ആവശ്യം തീരെ കുറഞ്ഞ സാങ്കേതികവിദ്യയാണ് അവര്‍ അവലംബിക്കുകയെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആഗോളീകരണം യു.എസ് ജനതക്ക് ഏല്‍പിച്ച ആഘാതത്തിന്‍െറ തെളിവാണ് ട്രംപിന്‍െറ വാദങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും, അദ്ദേഹത്തിന്‍െറ വാഗ്ദാനങ്ങള്‍ ജനം വിശ്വസിക്കുന്നതും തെളിയിക്കുന്നത്.
 

ഓഹരി വിപണി തളര്‍ത്തുന്ന സമ്പദ്​വ്യവസ്ഥ
കമ്പനികളുടെ ഓഹരിയുടെ ക്രയവിക്രയം ചൂതാട്ടമായാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍, റൊണാള്‍ഡ് റീഗണിന്‍െറ കമീഷന്‍ അതിനെ നിയമവിധേയമാക്കി. ഓഹരി വിപണിയിലെ ചൂതാട്ടം യു.എസ് സമ്പദ്വ്യവസ്ഥക്ക് ഏല്‍പിക്കുന്ന ആഘാതം ഒട്ടും ചെറുതല്ളെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ വില്യം ലസോണിക് ചൂണ്ടിക്കാട്ടുന്നു. 60കളില്‍, യു.എസ് കോര്‍പറേറ്റുകളുടെ വരുമാനത്തിന്‍െറ 60 ശതമാനവും പ്രത്യക്ഷ ഉല്‍പാദനത്തിലൂടെയും വിപണനത്തിലൂടെയും ആയിരുന്നെങ്കില്‍, ഇന്ന് അത് 10 ശതമാനത്തിലും താഴെയാണ്. പണം ഉല്‍പാദനാത്മകമായ മാര്‍ഗങ്ങളിലും ജനങ്ങളിലും നിക്ഷേപിക്കുന്നതിന് പകരം പണം കമ്പനിയുടെ പുറത്തേക്ക് പോകുന്ന അവസ്ഥയാണ് ഓഹരി വിപണിയില്‍ അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയിലുള്ളത്.

പണം കമ്പനിക്ക് പുറത്തേക്കുപോയതോടെ, യു.എസ് സമ്പദ്വ്യവസ്ഥയുടെ ആധാരശിലയായ നിരവധി കമ്പനികളുടെ നില അക്ഷരാര്‍ഥത്തില്‍ ദുര്‍ബലമായിരിക്കുകയാണ്. ഇതിന് പരിഹാരമായി ചെറിയ കാലയളവിലേക്ക് ഓഹരികള്‍ വാങ്ങി വില്‍ക്കുന്നതിന് നിരോധം ഏര്‍പ്പെടുത്താമെന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ പറയുന്നത്. എന്നാല്‍, യഥാര്‍ഥ പരിഹാരം ഓഹരി വിപണി നിര്‍ത്തലാക്കുകയാണെന്നും ലസോണിക് പറയുന്നു. നിലവിലെ കമ്പനികളെ നിയന്ത്രിക്കുന്നത് ഓഹരി ഉടമകളാണ്. തൊഴിലാളികളുടെ എണ്ണം കുറച്ചാല്‍, കമ്പനി ലാഭത്തിലാകുമെന്ന് ഓഹരി ഉടമകള്‍ പറയുമ്പോള്‍ കമ്പനി അതിന് വഴങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
 

ട്രംപിനോ ഹിലരിക്കോ പരിഹരിക്കാനാവുമോ?
സാങ്കേതികവിദ്യയുടെ വളര്‍ച്ച തൊഴിലില്ലായ്മ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പരിഹാരം തൊഴിലുറപ്പ് നിയമമാക്കുകയാണ്. നിക്ഷേപങ്ങള്‍ക്ക് പശ്ചാത്തലസൗകര്യം ചെയ്തു നല്‍കുക എന്നതില്‍ കവിഞ്ഞ് ഒരു നിലപാടിനും ട്രംപും ഹിലരിയും തയാറാവില്ല. റോഡ്, പാലം, എയര്‍പോര്‍ട്ട് നിര്‍മാണങ്ങള്‍ തകൃതിയാക്കുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും അതിന് പണം ലഭ്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒന്നും പറയാനില്ല. തങ്ങളുടെ നയങ്ങള്‍ വിശ്വസിപ്പിക്കാന്‍ രണ്ട് സ്ഥാനാര്‍ഥികളും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, രണ്ടു പേരുടെയും വാദങ്ങള്‍ പൊള്ളയാണെന്നും, യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുക എന്നതു മാത്രമാണ് ഒരു യു.എസ് പൗരന് മുന്നിലെ വഴിയെന്നും ഗാല്‍ബ്രെയ്ത് പറയുന്നു.
കടപ്പാട്: അല്‍ജസീറ

Tags:    
News Summary - us election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.