വാഷിങ്ടൺ: ഖത്തർ പ്രതിസന്ധിക്ക് പരിഹാരം തേടി കുവൈത്തിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ മുതിർന്ന ഉദ്യോഗസ്ഥരുമായി സംഭാഷണം നടത്തും. പ്രതിസന്ധി പരിഹരിക്കാൻ മറ്റു രാഷ്ട്ര നേതാക്കളുമായും ചർച്ചകൾ നടത്തുമെന്നാണ് സൂചന.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ജൂൺ അഞ്ചിനാണ് ഖത്തറുമായി ബന്ധം വിച്ഛേദിച്ചത്. കര, നാവിക, വ്യോമ ഉപരോധവും പ്രഖ്യാപിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ നാലു രാജ്യങ്ങൾ ജൂൺ 22ന് 13 ഇന നിബന്ധനകൾ ഖത്തറിനു മുന്നിൽ വെച്ചെങ്കിലും അവർ തള്ളി. തീവ്രവാദത്തിന് ഖത്തർ പണം നൽകുന്നുവെന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഖത്തർ പറയുന്നു. പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതെ അവസാനിപ്പിക്കാൻ രംഗത്തുള്ള കുവൈത്ത് മധ്യസ്ഥ ശ്രമങ്ങൾ ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അമേരിക്കൻ പ്രതിനിധിയുടെ സന്ദർശനം.
11,000 സൈനികരുടെ സ്ഥിരസാന്നിധ്യമുള്ള യു.എസ് സെൻട്രൽ കമാൻഡ് ഖത്തറിലെ അൽഉബൈദിലാണ്. 100 വിമാനങ്ങൾ വരെ ഇവിടെനിന്ന് പ്രവർത്തിപ്പിക്കാൻ ശേഷിയുണ്ട്.
ഖത്തർ പ്രതിരോധ സഹമന്ത്രി ഖാലിദ് അൽഅതിയ്യയുമായി യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് കഴിഞ്ഞ ദിവസം വിഷയം ചർച്ചെചയ്തിരുന്നു. പ്രതിസന്ധി എളുപ്പത്തിൽ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.