വാഷിങ്ടൺ: ഉന്നത ബിരുദമുള്ള ഇന്ത്യക്കാർക്ക് യു.എസിൽ സ്ഥിരമായി താമസിച്ച് തൊഴിലെടുക്കുന്നതിനുള്ള ഗ്രീൻ കാർഡിനായി കാത്തിരിക്കേണ്ടത് 151 വർഷെമന്ന് റിപ്പോർട്ട്. അതേസമയം, ഇവരിൽ ഇ.ബി-1 (എംപ്ലോയ്മെൻറ് ബേസ്ഡ്-1) വിഭാഗത്തിൽപെട്ട അതിവിദഗ്ധരായവർക്ക് ആറുവർഷം മാത്രം കാത്തിരുന്നാൽ മതിയാകും.
വാഷിങ്ടൺ ആസ്ഥാനമായുള്ള കാേറ്റാ ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2017ൽ അനുവദിച്ച ഗ്രീൻ കാർഡുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഗ്രീൻ കാർഡ് അപേക്ഷകരുടെ എണ്ണം അടുത്തിടെ യു.എസ് പുറത്തുവിട്ടിരുന്നു.
മേയ് 18 വരെ ലഭിച്ച 3,95,025 ഗ്രീൻ കാർഡ് അപേക്ഷകരിൽ 3,06,601 പേരും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് യു.എസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ് (യു.എസ്.സി.ഐ.എസ്) പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. അപേക്ഷകരുടെ ആശ്രിതരെ കൂടാതെയുള്ള കണക്കാണിത്.
2018 ഏപ്രിൽ 20 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽനിന്ന് ആശ്രിതർ ഉൾപ്പെടെ ഗ്രീൻ കാർഡിനായി 6,32,219 അപേക്ഷകരുണ്ട്. റിപ്പോർട്ട് പ്രകാരം ഇ.ബി-1 കാറ്റഗറിയിൽപെട്ട 34,824 അപേക്ഷകർ ഇന്ത്യയിൽ നിന്നുണ്ട്. ആശ്രിതർ ഉൾപ്പെടെ 48,754 പേരാണ് ഈ വിഭാഗത്തിൽ കാത്തിരിക്കുന്നത്-ആകെ 83,578 പേർ.
ബാച്ച്ലേഴ്സ് ഡിഗ്രിയോടുകൂടിയ ഇ.ബി-3 വിഭാഗക്കാർ 17 വർഷം വരെയെങ്കിലും കാത്തിരിക്കണം. ഏപ്രിൽ 20 വരെയുള്ള കണക്കു പ്രകാരം ഈ വിഭാഗത്തിൽ 54,892 ഇന്ത്യക്കാരാണുള്ളത്. ആശ്രിതർ ഉൾപ്പെടെ ഈ വിഭാഗത്തിൽ 1,15,273 അപേക്ഷകർ ഇന്ത്യയിൽ നിന്നുണ്ട്. ഇ.ബി- 2 (അഡ്വാൻസ്ഡ് ബിരുദം) വിഭാഗക്കാർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ കാത്തിരിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.