വാഷിങ്ടൺ: യു.എസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് കാത്തുനിൽക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ. 2018 മേയ് മാസത്തിലെ കണക്കുപ്രകാരം 3,95,025 വിദേശികളാണ് ഗ്രീൻ കാർഡ് കാത്തുനിൽക്കുന്നത്. ഇതിൽ 3,06,601പേരും ഇന്ത്യക്കാരാണ്. യു.എസ് പൗരത്വ-കുടിയേറ്റ സേവന വിഭാഗം പുറത്തുവിട്ട കണക്കുകളാണ് ഇത് കാണിക്കുന്നത്. ചൈനയിൽനിന്നുള്ളവരാണ് ഇന്ത്യക്കു പിറകിൽ നിൽക്കുന്നത്. 67,031 ചൈനീസ് പൗരന്മാരാണ് അപേക്ഷ നൽകിയിട്ടുള്ളത്. പതിനായിരത്തിലധികം അപേക്ഷകർ കാത്തിരിക്കുന്നത് ഇൗ രണ്ടു രാജ്യങ്ങളിൽനിന്നു മാത്രമാണ്. എൽസാൽവഡോർ (7252), ഗ്വാട്ടമാല (6,027), ഹോണ്ടുറസ് (5,402), ഫിലിപ്പീൻസ് (1491), മെക്സികോ (700) വിയറ്റ്നാം (521) എന്നിങ്ങനെയാണ് മറ്റുള്ള അപേക്ഷകർ.
നിലവിലുള്ള നിയമമനുസരിച്ച് ഒരു വർഷം ഒരു രാജ്യത്തുള്ള പൗരന്മാർക്ക് ഏഴു ശതമാനത്തിലേറെ ഗ്രീൻ കാർഡ് അനുവദിക്കില്ല. അതിനാൽതന്നെ ഇന്ത്യക്കാരായ അപേക്ഷകർക്ക് ദീർഘകാലം ഇത് സ്വന്തമാക്കാൻ ആവശ്യമായിവരും.
അതിനാൽ ഏഴു ശതമാനം മാത്രം അനുവദിക്കുന്ന പുതിയ സംവിധാനം ഏറ്റവും കൂടുതലായി ബാധിക്കുന്നത് ഇന്ത്യക്കാരായ പ്രവാസികളെയാണ്. ഉയർന്ന തൊഴിൽ നൈപുണ്യം ആവശ്യമുള്ള ജോലികൾക്കാണ് ഇന്ത്യക്കാർ ഏറെയും അമേരിക്കയിലെത്തുന്നത്. മിക്കവരും എച്ച്1 ബി വിസയിലാണ് എത്തിച്ചേരുന്നത്.
യു.എസിൽ എത്തിയശേഷം ഗ്രീൻ കാർഡ് നേടിയെടുക്കാമെന്ന പ്രതീക്ഷയോടെയെത്തുന്ന ഇവർക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. അപേക്ഷകരുടെ കണക്കനുസരിച്ച് 70 വർഷം വരെ ഒരാൾക്ക് ഗ്രീൻ കാർഡ് ലഭിക്കാൻ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.