വാഷിങ്ടൺ: കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ഉത്തര കൊറിയയോടുള്ള നിലപാടിൽ മയംവരുത്തി യു.എസ്. ഉത്തര കൊറിയയുമായി ചർച്ച നടത്താൻ ആഗ്രഹമുണ്ടെന്നും ശത്രുവായി കരുതുന്നില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ചർച്ചയിൽ ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികൾ വിഷയമാവണം. ആയുധങ്ങൾ ഉപേക്ഷിക്കാൻ തയാറായാൽ ആ രാജ്യത്തിനാവശ്യമായ സുരക്ഷ യു.എസ് ഉറപ്പാക്കുമെന്നും ടില്ലേഴ്സൺ പറഞ്ഞു.
യു.എസിെൻറ വിദൂരഭാഗങ്ങളിൽവരെ ആക്രമിക്കാവുന്ന ബാലിസ്റ്റിക് ഭൂഖണ്ഡാന്തര മിസൈലുകളുടെ പരീക്ഷണം തുടരുന്ന പശ്ചാത്തലത്തിൽ ഉത്തര കൊറിയക്കെതിരായ നിലപാട് യു.എസ് ശക്തമാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ ചൊവ്വാഴ്ചയും രംഗത്തുവന്നിരുന്നു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം തുടർന്നാൽ ഉത്തര കൊറിയയുമായി യുദ്ധം അനിവാര്യമാവുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം പ്രമുഖ യു.എസ് ചാനലിനോട് പറഞ്ഞു. ഇതിനിടെയാണ് ഉത്തര കൊറിയയോട് കടുത്ത നിലപാട് സ്വീകരിക്കാനില്ലെന്ന സൂചനയുമായി ടില്ലേഴ്സൺ രംഗത്തുവന്നത്.
പ്രസിഡൻറും സ്റ്റേറ്റ് സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത പ്രകടമാക്കുന്നതാണ് ടില്ലേഴ്സെൻറ പ്രസ്താവനയെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഉത്തര കൊറിയയിൽ ഭരണമാറ്റത്തിനില്ലെന്ന് ടില്ലേഴ്സൻ വ്യക്തമാക്കി. ‘‘ഭരണം അട്ടിമറിക്കാൻ ഉദ്ദേശ്യമില്ല. ഇരു കൊറിയയുടെയും ഏകീകരണവും അജണ്ടയിലില്ല. ആണവായുധ വികസനത്തെ മേഖലയിലേക്ക് സൈന്യത്തെ അയക്കാൻ ഒഴിവുകഴിവാക്കാൻ ഉദ്ദേശ്യമില്ല’’ -അദ്ദേഹം പറഞ്ഞു. കഴിഞ്ഞാഴ്ചയാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈൽ വിജയകരമായി പരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.