വാഷിങ്ടൺ: അമേരിക്കയിലെ പ്രധാന സുരക്ഷ-രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മേധാവി ജയിംസ് കോമിയെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കി. ഏജൻസിയെ കാര്യക്ഷമമായി നയിക്കാൻ കഴിവില്ലെന്ന കാരണംപറഞ്ഞാണ് പുറത്താക്കിയത്. എന്നാൽ, തെരഞ്ഞെടുപ്പിലെ ട്രംപിെൻറ റഷ്യൻ ബന്ധത്തെ കുറിച്ച അന്വേഷണസംഘത്തിെൻറ മേധാവിയായ കോമിയെ പുറത്താക്കിയത് വിമർശനത്തിന് വഴിയൊരുക്കിയിരിക്കയാണ്. എഫ്.ബി.ഐ മേധാവിയെ നീക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്നും പുതിയ മേധാവിയെ ഉടൻ നിയമിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
എഫ്.ബി.ഐ മേധാവിയെ പുറത്താക്കിയ ട്രംപിെൻറ നടപടി വലിയ പിഴവാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ പ്രതികരിച്ചു. ജയിംസ് കോമിയെ മാറ്റിയത് രാജ്യത്തിനും രഹസ്യാന്വേഷണ ഏജൻസിക്കും വലിയ നഷ്ടമാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ റിച്ചാർഡ് ബർ ചൂണ്ടിക്കാട്ടി. 2023വരെ സ്ഥാനത്ത് തുടരേണ്ട ആളായിരുന്നു കോമി.
അറ്റോർണി ജനറൽ ജെഫ് സെഷൻസിെൻറ ശിപാർശയനുസരിച്ചാണ് പുറത്താക്കൽ നടപടിയെന്നാണ് ട്രംപ്, കോമിക്കുള്ള കത്തിൽ പറഞ്ഞിരിക്കുന്നത്. ട്രംപിെൻറ നാലുമാസത്തെ ഭരണത്തിനിടയിലെ പ്രധാന വിവാദ തീരുമാനമായി ഇത് മാറുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
കോമിയെ പുറത്താക്കിയ നടപടി ട്രംപിെൻറ കാമ്പയിൻ വിഭാഗത്തിെൻറ റഷ്യൻ ബന്ധം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനാണെന്ന് ഡെമോക്രാറ്റ് നേതാക്കൾ ആരോപണം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, ഡെമോക്രാറ്റ് പാർട്ടിയും കോമിയിൽ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതായി പ്രസിഡൻറ് ട്വിറ്ററിൽ മറുപടിനൽകി. ഹിലരി ക്ലിൻറെൻറ സ്വകാര്യ ഇ-മെയിൽ ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തിയിരുന്നത് കോമിയുടെ നേതൃത്വത്തിലായിരുന്നു. സന്ദേശങ്ങൾ കൈമാറാൻ ഹിലരി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചത് മനഃപൂർവമല്ലെന്ന ആദ്യ അന്വേഷണത്തിലെ നിഗമനത്തിൽ തന്നെയാണ് രണ്ടാമത്തെ അന്വേഷണത്തിലും എഫ്.ബി.ഐ എത്തിച്ചേർന്നത്. തുടർന്ന് ഹിലരിയെ കുറ്റവിമുക്തയാക്കി.
എന്നാൽ, ഇ-മെയിൽ വിവാദം അന്വേഷിക്കാൻ എഫ്.ബി.ഐ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ തിരിച്ചടി ഹിലരി നേരിടുകയും ചെയ്തു. ട്രംപിനോട് പരാജയപ്പെട്ടതിന് പിന്നാലെ എഫ്.ബി.ഐ മേധാവി ജയിംസ് കോമിക്കെതിരെ ഹിലരി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.