വാഷിങ്ടൺ: യു.എസ് വിസക്ക് ഇനി അപേക്ഷിക്കണമെങ്കിൽ അഞ്ച് വർഷത്തെ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങളും നൽകണം. വിസ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൻെറ ഭാഗമായി സ്റ്റേറ്റ് ഡിപാർട്മെൻറിൻെറ പുതിയ നിയമങ്ങളിലൊന്നാണിത്. അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച ഇ-മെയിൽ അഡ്രസുകൾ, ഫോൺ നമ്പറുകളെല്ലാം വിസ അപേക്ഷയോടൊപ്പം നൽകണം. ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്ന അപേക്ഷയാണ് തയാറാക്കിയിരിക്കുന്നത്. ജോലി ആവശ്യാർത്ഥവും പഠനത്തിനായും യു.എസിലേക്ക് പോകുന്നവരെല്ലാം ഈ വിവരങ്ങൾ നൽകണം. എന്നാൽ, ചില നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇളവ് ലഭിക്കും.
2018 മാർച്ചിലാണ് ട്രംപ് ഭരണകൂടം ഇതുസംബന്ധിച്ച ആദ്യ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൻെറയും ദേശീയ സുരക്ഷയുടെയും ഭാഗാമായാണിതെന്നാണ് സ്റ്റേറ്റ് ഡിപാർട്മെൻറ് പ്രതികരിച്ചത്. യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, 15 വർഷത്തെ ബയോഗ്രഫിക്കൽ വിവരങ്ങൾ എന്നിവയും സമർപ്പിക്കണം. സമൂഹ മാധ്യമ വിവരങ്ങൾ തെറ്റായി നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
പുതിയ നീക്കത്തിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അടക്കം രംഗത്തുവന്നിട്ടുണ്ട്. മാർച്ചിൽ പാക് പൗരൻമാരുടെ വിസ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.