പാരിസ്: ഇസ്ലാമിനെതിരെ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നടത്തിയ രൂക്ഷ വിമർശനങ്ങൾക്കും സർക്കാർ തല നടപടികൾക്കും പിന്നാലെ ഫ്രഞ്ച് ഉൽപന്നങ്ങൾക്കെതിരെ ബഹിഷ്കരണാഹ്വാനം. അറബ് ലോകത്ത് വ്യാപകമായി വ്യാപാര സ്ഥാപനങ്ങളിൽ ഫ്രഞ്ച് ഉൽപന്നങ്ങളുടെ വിൽപന നിർത്തി. തുർക്കിയിലും ബഹിഷ്കരണാഹ്വാനം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ദിവസങ്ങളായി തുടരുന്ന ഹാഷ്ടാഗ് കാമ്പയിനുകൾക്ക് പിന്നാലെയാണ് വ്യാപാര സ്ഥാപനങ്ങൾ വിൽപന നിർത്തിയത്. കുവൈത്ത്, ഖത്തർ, ഫലസ്തീൻ, ഈജിപ്ത്, അൾജീരിയ, ജോർഡൻ, സൗദി അറേബ്യ, തുർക്കി, തുനീഷ്യ രാജ്യങ്ങളിൽ കാമ്പയിന് ശക്തമായ പിന്തുണയുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ഖത്തർ യൂനിവേഴ്സിറ്റി ഉൾപെടെ സ്ഥാപനങ്ങളും ബഹിഷ്കരണത്തിൽ അണിചേർന്നിട്ടുണ്ട്.
പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ പ്രദർശിപ്പിച്ച ചരിത്ര അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കിയ പ്രസ്താവന മാക്രോൺ നടത്തിയത്. ലോകം മുഴുക്കെ പ്രതിസന്ധി നേരിടുന്ന മതമായി ഇസ്ലാം മാറിയെന്നും ഫ്രാൻസിലെ മുസ്ലിംകൾക്കിടയിൽ വേരുപടർത്തുന്ന 'ഇസ്ലാമിസ്റ്റ് വിഘടനവാദം' അമർച്ചചെയ്യേണ്ടതുണ്ടെന്നുമായിരുന്നു മാക്രോണിെൻറ വാക്കുകൾ. പള്ളികൾക്ക് വിദേശ ഫണ്ടിങ് നിർത്തലാക്കാൻ നിയന്ത്രണം കൊണ്ടുവരുമെന്നും സ്കൂൾവിദ്യാഭ്യാസത്തിൽ കടുത്ത നിരീക്ഷണം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. നടപടികൾ ശക്തമാക്കിയ രാജ്യത്ത് ഇതുവരെ 20 ഓളം മുസ്ലിം പള്ളികൾ സർക്കാർ അടച്ചുപൂട്ടിയിട്ടുണ്ട്.
മാക്രോണിെൻറ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ വെറുപ്പിെൻറ സംസ്കാരം വളർത്താനേ ഇത് ഉപകരിക്കൂ എന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാമിനെ ഭീകരതയുമായി തുന്നിച്ചേർക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. മതചിഹ്നങ്ങളെ നിരന്തരമായി അവഹേളിച്ച് മുസ്ലിംകൾക്കെതിരെ ഫ്രാൻസ് നിരന്തര ആക്രമണം നടത്തുകയാണെന്ന് ഇസ്ലാമിക സഹകരണ സംഘടന(ഒ.ഐ.സി)യും കുറ്റപ്പെടുത്തി.
രാജ്യത്തെ ഫ്രഞ്ച് സ്ഥാനപതിയെ വിളിപ്പിച്ച് പാകിസ്താൻ പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ദിവസം തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ മറവിൽ ഫ്രാൻസ് ഇസ്ലാം ഭീതി പടർത്തുകയാണെന്ന് പാകിസ്താൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.