10 മിനിട്ട്, 11 നില താഴേക്ക് ഓടി, നിമിഷ നേരംകൊണ്ട് കെട്ടിടം പുക മാത്രമായി; ഇസ്രായേൽ വ്യോമാക്രമണത്തിന്‍റെ ഭീതി പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

ഗസ്സ സിറ്റിയിലെ അസോസിയേറ്റഡ്​ പ്രസ്​, അൽജസീറ ഉൾപ്പെടെ മാധ്യമ സ്​ഥാപനങ്ങളുടെ ആസ്​ഥാനം സ്​ഥിതി ചെയ്യുന്ന അൽ ജലാ ടവർ കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യോമാക്രമണം നടത്തി തകർത്തിരുന്നു. ആക്രമണത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെങ്കിലും സംഭവം ഓർത്തെടുക്കുകയാണ് അസോസിയേറ്റഡ്​ പ്രസിലെ മാധ്യമപ്രവർത്തകൻ ഫാരിസ് അക്രം.

ഫാരിസ് അക്രമിന്‍റെ വാക്കുകൾ

ഉറക്കത്തിലായിരുന്ന എന്നെ സഹപ്രവർത്തകനാണ് വിളിച്ച് എഴുന്നേൽപ്പിക്കുന്നത്. എന്താണ് സംഭവിക്കുന്നത്? ​ഗസ്സ തെരുവിൽ ആർക്കെങ്കിലും പരിക്ക് പറ്റിയോ, അതോ ഗുരുതര സംഭവം വല്ലതും ഉണ്ടായോ? പെട്ടെന്ന് ഒന്നും മനസിലായില്ല. സമയം, രാത്രി 1.55 ആയിരുന്നു. അസോസിയേറ്റ് പ്രസ് പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിന്‍റെ മുകൾ നിലയിലാണ് ഞാനുറങ്ങിയത്. ഇസ്രായേൽ ആക്രമണം തുടങ്ങിയതു മുതൽ ഓഫീസിൽ തന്നെ ഉറങ്ങാറാണ് പതിവ്.
ഞാൻ വേ​ഗം താഴേക്കിറങ്ങി, എന്‍റെ സഹപ്രവർത്തകർ ഹെൽമെറ്റും മറ്റു സുരക്ഷിത കവചവും ധരിക്കുകയായിരുന്നു. വേ​ഗം കെട്ടിടം ഒഴിയണം -അവർ വിളിച്ചു പറഞ്ഞു.
ഈ കെട്ടിടം ഇസ്രായേൽ തകർക്കാൻ പോകുകയാണ്. അവർ താക്കീത് നൽകിക്കഴിഞ്ഞു. 10 മിനിട്ട് മാത്രമാണ് മുമ്പിലുള്ളത്. എന്തൊക്കെയാണ് എടുക്കാനുള്ളത്. ലാപ്ടോപ് എടുത്തു. ഇനി എന്തെടുക്കും?. വർഷങ്ങളായി ഇരുന്ന് ജോലി ചെയ്യുന്ന ആ സ്ഥലത്തേക്ക് നോക്കി. സുഹൃത്തുക്കളും മറ്റും നൽകിയ സമ്മാനങ്ങളെല്ലാം അവിടെയുണ്ട്. കുടുംബത്തിന്‍റെ ചിത്രമുള്ള തളികയും മകൾ സമ്മാനിച്ച ചായക്കപ്പും മാധ്യമപ്രവർത്തകനായി അഞ്ചു വർഷം പൂർത്തിയായതിന്‍റെ സർട്ടിഫിക്കറ്റും മാത്രം എടുത്തു. ഒന്ന് മുന്നോട്ട് നടന്ന് പിന്തിരിഞ്ഞ് നോക്കി, അതെന്‍റെ രണ്ടാം വീടായിരുന്നു. അപ്പോൾ സമയം രണ്ടു മണി, ചുറ്റും നോക്കി ആരുമില്ല, ഒഴിയുന്ന അവസാന ആൾ ഞാനാണ്. ഹെൽമെറ്റ് ധരിച്ച് ഞാൻ ഓടി.
പതിനൊന്ന് നില താഴേക്ക് ഓടി. താഴേ പാർക്കിങ്ങിൽ എന്‍റെ കാർ മാത്രം. കാറിന്‍റെ പുറകിലേക്ക് സധനങ്ങൾ വലിച്ചെറിഞ്ഞ് ഡ്രൈവ് ചെയ്ത് പുറത്തെത്തി. കാർ പാർക്ക് ചെയ്ത് സഹപ്രവർത്തകരുടെ അടുത്തേക്ക് പോയി. എല്ലാവരും കാത്തിരിക്കുകയാണ്. എന്ത് സംഭവിക്കും?
കെട്ടിടം തകർക്കാൻ പോകുകയാണെന്ന് ഇസ്രായേൽ സൈന്യമാണ് കെട്ടിട ഉടമയോട് വിളിച്ച് പറഞ്ഞത്. ആളുകളെ ഒഴിപ്പിക്കാൻ കുറച്ച് സമയം നൽകണമെന്ന് അയാൾ കെഞ്ചിയെങ്കിലും 10 മിനിട്ട് മാത്രമേ നൽകാനുള്ളൂ, അതിനുള്ളിൽ നിങ്ങൾക്ക് ഒഴിപ്പിക്കാമെന്നായിരുന്നു മറുപടി.
400 മീറ്റർ അകലെ ഞാനും സഹപ്രവർത്തകരും കെട്ടിടം നോക്കി നിന്നു. ഒന്നും സംഭവിക്കാതിരുന്നെങ്കിൽ, ഞാൻ പ്രാർഥിച്ചു. കെട്ടിടത്തിന്‍റെ മുകൾ നിലയിലുണ്ടായിരുന്ന കുടുംബങ്ങളെല്ലാം എന്ത് ചെയ്തിട്ടുണ്ടാകുമെന്ന് ആലോചിച്ചു. സഹപ്രവർത്തകരെല്ലാം കാത്തിരിക്കുകയാണ്. ചിലർ വിഡിയോ ഷൂട്ട് ചെയ്യാൻ തയാറായാണ് നിൽക്കുന്നത്. 8 മിനിട്ടിനുള്ളിൽ മൂന്നു ശക്തമായ വ്യോമാക്രമണത്തോടെ കെട്ടിടം തകർന്നു. എല്ലായിടത്തും പുകയും പൊടിയും നിറഞ്ഞു. പലർക്കും വീടും ഒഫീസുമായി നിന്ന ആ കെട്ടിടം നിമിഷനേരം കൊണ്ട് ഇല്ലാതായി. കീശയിലുണ്ടായിരുന്ന ഇപ്പോൾ ഭൂമിയിൽ ഇല്ലാത്ത എന്‍റെ റൂമിന്‍റെ ആ ചാവിയെടുത്ത് ദൂരേക്ക് എറിഞ്ഞു.
400 മീറ്ററുകൾക്ക് അകലെ എല്ലാം നോക്കി ഇരിക്കാനെ കഴിഞ്ഞുള്ളു. അതൊരു ഭയാനക രം​ഗം തന്നെ ആയിരുന്നു. ദുഃഖമുണ്ടായിരുന്നു, എന്നാൽ സുരക്ഷിതനായതിന്‍റെ കൃതജ്ഞതയും. നിസഹായനായി നോക്കിനിൽക്കുന്നതല്ല, മാധ്യമപ്രവർത്തകനായ എന്‍റെ ജോലിയെന്നും മറ്റുള്ളവരുടെ ശബ്ദത്തിനാണ് ഞാൻ പ്രാധാന്യം നൽകണ്ടതെന്നും ഓർമവന്നു. പൊരുതുന്ന കുറേയേറെ ആൾക്കാരെ കുറിച്ച് എനിക്കിനിയും പറയാനുണ്ട്. ദുഃസ്വപ്നത്തിൽ നിന്നും എഴുന്നേറ്റു.
ഇപ്പോൾ ഞാൻ വീട്ടിൽ കുടുംബത്തോടൊപ്പമാണ്. വീണ്ടും വാർത്തകൾ നൽകുകയാണ്. സുരക്ഷിതനാണ്. എന്നാൽ, ​ഗസ്സയിൽ എങ്ങിനെ സുരക്ഷിതനായിരിക്കാനാവും അല്ലെ...?
Tags:    
News Summary - Palestine, Israel air strike, AP journalist, Israel, Gaza, Gaza Under Attack, Free Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.