വാഷിംങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ദക്ഷിണേഷ്യൻ വോട്ടർമാർക്കിടയിൽ കമലാ ഹാരിസിനുള്ള പിന്തുണ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ സംഗീത വിഡിയോ ഒരുങ്ങുന്നു. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ പിന്തുണച്ച് 30 മിനിറ്റുള്ള വിഡിയോ തയ്യാറായിക്കഴിഞ്ഞു. ആഗോളതലത്തിൽ പ്രശസ്തനായ ഇന്ത്യൻ സംഗീത സംവിധായകനും സംഗീതജ്ഞനുമായ റഹ്മാന്റെ സംഗീത പരിപാടി നവംബർ 5ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് വലിയ ഉത്തേജനം നൽകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ-ആഫ്രിക്കൻ വംശജയായ ഹാരിസിനെ പിന്തുണക്കുന്ന ഏഷ്യയിൽ നിന്നുള്ള പ്രധാന അന്താരാഷ്ട്ര കലാകാരനാണ് 57കാരനായ റഹ്മാൻ. ‘ഈ പ്രകടനത്തിലൂടെ അമേരിക്കയുടെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്ന നേതാക്കളുടെയും കലാകാരന്മാരുടെയും ഒരു കൂട്ടത്തിലേക്ക് എ.ആർ റഹ്മാൻ തന്റെ ശബ്ദവും ചേർത്തുവെച്ചതായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ‘എഎപിഐ വിക്ടറി ഫണ്ട്’ ചെയർമാൻ ശേഖർ നരസിംഹൻ പറഞ്ഞു.
കേവലം ഒരു സംഗീത പരിപാടി എന്നതിലുപരി വോട്ടുചെയ്യാനുള്ള തങ്ങളുടെ കമ്യൂണിറ്റികളോടുള്ള ആഹ്വാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് AAPI വിക്ടറി ഫണ്ടിന്റെ യൂ ടൂബ് ചാനലിൽ ഞായറാഴ്ച രാത്രി 8 മണിക്ക് പ്രക്ഷേപണം ചെയ്യും. പുറമെ എ.വി.എസ്, ടി.വി ഏഷ്യ ഉൾപ്പെടെയുള്ള പ്രധാന ദക്ഷിണേഷ്യൻ നെറ്റ്‌വർക്കുകളിൽ ഉടനീളവും പ്രക്ഷേപണം ചെയ്യും. റഹ്മാന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ 30 മിനിറ്റ് ദൈർഘ്യമുള്ള ഷോയിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. എഎപിഐ വിക്ടറി ഫണ്ട് യൂട്യൂബിൽ ഒരു ടീസർ വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്. അതിൽ എ.ആർ റഹ്മാനും ഇന്ത്യസ്പോറ സ്ഥാപകൻ എം.ആർ രംഗസ്വാമിയും പ്രകടനത്തിനായി തയ്യാറെടുക്കുന്നതായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.