തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്ക് നിർമിത ബുദ്ധിയുടെ പിന്തുണയുമെന്ന് റിപ്പോർട്ട്. ലക്ഷ്യസ്ഥാനങ്ങൾ നിർണയിക്കാനും കൃത്യതയോടെ ആക്രമണം നടത്താനുമാണ് ‘ഗോസ്പൽ’ എന്ന് പേരിട്ട സംവിധാനം ഉപയോഗിക്കുന്നതെന്ന് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
മെഷീൻ ലേണിങ്ങിന്റെയും അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിന്റെയും അത്യാധുനിക സാധ്യതകൾ ഉപയോഗിച്ച് ഡേറ്റ വിശകലനം നടത്തിയാണ് ലക്ഷ്യം നിർണയിക്കുന്നത്. പ്രതിദിനം 100 ഇടങ്ങളിൽ വരെ ആക്രമണം നടത്താൻ ഇസ്രായേൽ സൈന്യത്തെ സഹായിക്കുന്നത് എ.ഐ സാങ്കേതിക വിദ്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന ഇന്റലിജൻസ് വിവരങ്ങൾ വിശകലനം ചെയ്താണ് ലക്ഷ്യം കണ്ടെത്തുന്നത്. ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30,000 മുതൽ 40,000വരെ ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ഇന്റലിജൻസ് വിഭാഗം ശേഖരിച്ച് ‘ഗോസ്പലി’ന് കൈമാറിയിട്ടുണ്ട്.
ഡ്രോൺ- നിരീക്ഷണ കാമറ ദൃശ്യങ്ങളും ചോർത്തിയ ടെലിഫോൺ സംഭാഷണങ്ങളും ഇതിൽപ്പെടും. ഹമാസ് പോരാളികളുടെ വീടുകളെന്ന് സംശയിക്കുന്ന കെട്ടിടങ്ങൾ വരെ സൈന്യം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തകർക്കുന്നുണ്ട്. കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണം വർധിക്കാൻ ഇതും കാരണമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.