തുര്‍ക്കി-ഇറാഖ് ബന്ധം കലഹത്തിന്‍െറ വഴിയില്‍

ബഗ്ദാദ്: സൈനികവിന്യാസം സംബന്ധിച്ച് തുര്‍ക്കി-ഇറാഖ് ബന്ധം തര്‍ക്കത്തിലേക്ക്. രാജ്യത്തിന്‍െറ പരാമാധികാരം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വടക്കന്‍ ഇറാഖിലെ മൂസിലിനടുത്ത മേഖലയില്‍നിന്ന് തുര്‍ക്കി സേനയെ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ആവശ്യപ്പെട്ടു.
വടക്കന്‍ മേഖലയിലെ നിനവേഹില്‍ അനുമതിയില്ലാതെയാണ് തുര്‍ക്കി സേനയെ വിന്യസിച്ചത്. രാജ്യത്തിന്‍െറ പരമാധികാരം ലംഘിച്ച തുര്‍ക്കി സേനയുടെ സാന്നിധ്യം കൈയേറ്റമാണെന്നും അബാദി ആരോപിച്ചു. 2014 മുതല്‍ ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് മൂസില്‍. വടക്കന്‍ ഇറാഖിന്‍െറ അതിര്‍ത്തിക്കടുത്ത കുര്‍ദിഷ് മേഖലയില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പരിശീലനത്തിന്‍െറ ഭാഗമായാണ് സൈന്യത്തെ വിന്യസിച്ചതെന്ന് തുര്‍ക്കി സുരക്ഷാസേന വ്യക്തമാക്കി.
ഐ.എസിനെതിരായ പോരാട്ടത്തിന് കുര്‍ദിഷ് പെഷ്മെര്‍ഗ പോരാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് സൈന്യത്തെ അയച്ചത്. സൈന്യത്തിന്‍െറ സുരക്ഷക്കായി 20 സായുധ വാഹനങ്ങളും അകമ്പടിയായുണ്ട്. സേനാവിന്യാസത്തെക്കുറിച്ച് ധാരണയുണ്ടെന്നും എന്നാല്‍, യു.എസ് സഖ്യസേനയുടെ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായല്ളെന്നും യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖ് സേനയിലെ പ്രധാന വിഭാഗമാണ് പെഷ്മെര്‍ഗ.
ഇറാഖിലെ വടക്കു പടിഞ്ഞാറന്‍ മേഖലകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഐ.എസ് നിയന്ത്രണത്തിലാക്കിയിരുന്നു. മേഖലകള്‍ തിരിച്ചുപിടിക്കാന്‍ യു.എസ് പിന്തുണയോടെ ഇറാഖ് സേന ഐ.എസിനെതിരെ പോരാട്ടം തുടരുകയാണ്. അതിനിടെ, മൂസില്‍ പ്രവിശ്യാ ഗവര്‍ണര്‍ അതീല്‍ നുജൈഫിലിന്‍െറ അഭ്യര്‍ഥനയനുസരിച്ചാണ് സൈനികരെ വിന്യസിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സൈനിക വിന്യാസം സര്‍ക്കാറുമായി കൂടിയാലോചിച്ചിട്ടല്ളെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.