സിറിയയില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ല പോരാളി കൊല്ലപ്പെട്ടു

ഡമസ്കസ്: മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് സമീര്‍ കന്താര്‍ സിറിയയില്‍ ഇസ്രായേലിന്‍െറ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വര്‍ഷങ്ങളോളം ഇസ്രായേലിന്‍െറ തടങ്കലിലായിരുന്നു.
ഞായറാഴ്ച രാവിലെ സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലെ ജരമനയില്‍ കെട്ടിടത്തിനുനേരെ നടന്ന വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കന്താറിനെ കൂടാതെ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
ഇദ്ദേഹത്തിന്‍െറ വാസസഥാനം ലക്ഷ്യമാക്കി സയണിസ്റ്റുകള്‍ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, കന്താര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ആക്രമണത്തിന്‍െറ പിന്നില്‍ ആരാണെന്ന് റിപ്പോര്‍ട്ടില്‍ സൂചനയില്ല. കന്താറിന്‍െറ മരണം സഹോദരന്‍ ബസ്സാം സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
16ാം വയസ്സില്‍ ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്‍െറ ഭാഗമായി ലബനാനില്‍നിന്ന് കടല്‍മാര്‍ഗം ഇസ്രായേലിലെ നഹാരിയ ഗ്രാമത്തിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് ദീര്‍ഘകാലം ഇസ്രായേല്‍ തടവില്‍ കഴിയേണ്ടിവന്നത്.
2008ല്‍ തടവുകാരെ പരസ്പരം കൈമാറുന്നതിന്‍െറ ഭാഗമായാണ് ഇസ്രായേല്‍ ഇദ്ദേഹത്തെ വിട്ടയച്ചത്. ഇസ്രായേലി പൊലീസുകാരനെയും മകളെയും കൊലപ്പെടുത്തിയെന്നാരോപിച്ചും  ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍, ആരോപണം കന്താര്‍ നിഷേധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.