റമാദി തിരിച്ചു പിടിച്ചതായി ഇറാഖി സൈന്യം

ബഗ്ദാദ്: ഇറാഖിലെ തന്ത്രപ്രധാന നഗരമായ റമാദി ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചതായി സൈന്യം അവകാശപ്പെട്ടു. ഐ.എസിനെതിരെ സൈന്യത്തിന്‍െറ ചരിത്രവിജയം ഒൗദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റമാദിയിലെ സര്‍ക്കാര്‍ സമുച്ചയത്തില്‍ ഇറാഖി പതാക ഉയര്‍ത്തിയതായും സൈനിക വക്താവ് ജനറല്‍ യഹ്യ റസൂല്‍ ടെലിവിഷനിലൂടെ അറിയിച്ചു. യു.എസ് പിന്തുണയോടെയാണ് ഐ.എസിനെതിരെ സൈന്യത്തിന്‍െറ പടയോട്ടം.

2015 മേയിലാണ് സൈന്യത്തെ അട്ടിമറിച്ച് ഐ.എസ് റമാദി പിടിച്ചെടുത്തത്. ഈ മാസാവസാനത്തോടെ മേഖല തിരിച്ചുപിടിക്കുമെന്ന് പ്രതിരോധമന്ത്രി ഖാലിദ് അല്‍ഉബൈദി പ്രഖ്യാപിച്ചിരുന്നു. മേഖല തിരിച്ചുപിടിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഇറാഖി സൈന്യം ആക്രമണപരമ്പര നടത്തിയിരുന്നു. ഞായറാഴ്ചയോടെയാണ് റമാദി പൂര്‍ണമായും സൈന്യത്തിന്‍െറ നിയന്ത്രണത്തിലായത്. മേഖല പിടിച്ചെടുത്തു എന്നതിനര്‍ഥം ഐ.എസിനെ പൂര്‍ണമായും കീഴടക്കിയെന്നാണെന്ന് സര്‍ക്കാര്‍ വക്താവ് സബാഹ് അന്നുമാനി അറിയിച്ചു. ഐ.എസിനെതിരെ സൈന്യം മുന്നേറുന്നതിന്‍െറ ദൃശ്യങ്ങള്‍ ടെലിവിഷനുകളില്‍ പ്രചരിക്കുന്നുണ്ട്. സൈന്യത്തിന്‍െറ വിജയത്തെ തുടര്‍ന്ന് അന്‍ബാര്‍ പ്രവിശ്യയില്‍ ജനങ്ങളുടെ സന്തോഷപ്രകടനവും കാണാം.

റമാദിയിലെ ചില പ്രവിശ്യകള്‍ക്ക് ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. സൈന്യത്തിന്‍െറ വിജയം യു.എസ് പ്രതിരോധ മന്ത്രാലയം ശരിവെച്ചു. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സൈന്യം പുറത്തുവിട്ടിട്ടില്ല. റമാദിയിലെ അവസാന തീവ്രവാദികളെ തുരത്താന്‍ പോരാട്ടം തുടരുകയാണെന്നും സൈന്യം അറിയിച്ചു. രാജ്യത്തിന്‍െറ ചരിത്രത്തില്‍ പുതു അധ്യായംകുറിക്കുന്ന വിജയമാണിതെന്ന് റസൂല്‍ പറഞ്ഞു. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ റമാദി ബഗ്ദാദിന്‍െറ പടിഞ്ഞാറുനിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ്.

സംഭവത്തില്‍ യു.എസ് സൈനിക മേധാവി സ്റ്റീവ് വാറന്‍ ഇറാഖി സൈന്യത്തെ അഭിനന്ദിച്ചു. വടക്കന്‍ സിറ്റിയായ മൂസില്‍ തിരിച്ചു പിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സൈന്യം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.