സിംഗപ്പൂരില്‍ ചരിത്രം കുറിച്ച് ചൈന–തായ് വാന്‍ കൂടിക്കാഴ്ച

സിംഗപ്പൂര്‍: ചിരകാല രാഷ്ട്രീയ വൈരികളായിരുന്ന ചൈനയുടെയും അയല്‍രാജ്യമായ തായ്വാന്‍െറയും രാഷ്ട്രത്തലവന്മാര്‍ ആറു പതിറ്റാണ്ടിനുശേഷം സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുമുമ്പ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും  തായ്വാന്‍ പ്രസിഡന്‍റ് മാ യിങ് ജോയും ഹസ്തദാനം ചെയ്തു. ഇനി തങ്ങള്‍ ഒരേ കുടുംബമാണെന്നും ഒന്നിനും വേര്‍പിരിക്കാന്‍ കഴിയില്ളെന്നും ഷി ജിന്‍പിങ് പറഞ്ഞു. ദശകങ്ങള്‍ നീണ്ട ശത്രുതയും സ്പര്‍ധയും അവസാനിച്ചതോടെ ഇനി മുതല്‍ ഇരുരാജ്യങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും മാ യിങ് ജോ പ്രതികരിച്ചു.  ‘വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന കൂടിക്കാഴ്ചയാണെങ്കിലും ഞങ്ങള്‍ക്ക് പഴയ സുഹൃത്തുക്കള്‍ കണ്ടുമുട്ടിയതുപോലെയാണ് തോന്നുന്നത്. ഞങ്ങളുടെ ഒരുമിക്കലോടെ 60 വര്‍ഷത്തെ ശത്രുതയുടെ ചരിത്രം ഇരുളില്‍ മറഞ്ഞു. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടു. വ്യത്യസ്ത രാഷ്ട്രീയ സംവിധാനങ്ങളാണ് പിന്തുടരുന്നതെന്നിരിക്കിലും ഇരു രാജ്യങ്ങളും സൈനിക-സാമ്പത്തിക തലങ്ങളില്‍ സഹകരണം വളര്‍ത്തിയെടുത്തു. പകയുടെ കനലാട്ടമല്ല, അനുരഞ്ജനത്തിന്‍െറ തിളക്കമാണ് ഞങ്ങളുടെ കണ്ണുകളിലെന്നും  അദ്ദേഹം സൂചിപ്പിച്ചു. 1949ലെ ചൈനീസ് ആഭ്യന്തരയുദ്ധത്തിനുശേഷം ആദ്യമായാണ് ഇരുരാഷ്ട്രത്തലവന്മാരും ഒരുമിച്ച് വേദി പങ്കിടുന്നത്.  

കഴിഞ്ഞ നവംബറില്‍ ബെയ്ജിങ്ങില്‍ കൂടിക്കാഴ്ചക്കു ശ്രമിച്ചെങ്കിലും ചൈനീസ് പ്രസിഡന്‍റ് നിരസിക്കുകയായിരുന്നു. സിംഗപ്പൂരില്‍ ഇരുനേതാക്കളും തമ്മില്‍ കരാറുകളൊന്നും ഒപ്പുവെക്കുന്നില്ല. സൗഹൃദം മെച്ചപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. 2008ല്‍ അധികാരമേറ്റതിനുശേഷം പ്രസിഡന്‍റ് മാ യിങ് ജോ ചൈനയുമായുള്ള സാമ്പത്തികബന്ധം ശക്തിപ്പെടുത്തിയിരുന്നു. വിനോദസഞ്ചാര, വാണിജ്യ മേഖലകളില്‍ ചില പ്രധാന കരാറുകളും ഒപ്പുവെച്ചു. എന്നാല്‍, കമ്യൂണിസ്റ്റ് ചൈനക്കും ജനാധിപത്യ തയ്വാനുമിടയിലെ രാഷ്ട്രീയഭിന്നതകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.
കടുത്ത ചൈനാവിരുദ്ധ വികാരം നിലനില്‍ക്കുന്ന തായ്വാനില്‍ ജനുവരിയില്‍  പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച. ഭരണകക്ഷിയായ ചൈനാ അനുകൂല കുമിന്താങ്ങിനെക്കാള്‍ (കെ.എം.ടി) ചൈനയില്‍നിന്ന് മോചനം ആഗ്രഹിക്കുന്ന ജനാധിപത്യവാദികളായ ഡെമോക്രാറ്റിക് പ്രോഗ്രസിങ് പാര്‍ട്ടി(ഡി.പി.പി)ക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചൈനയുമായി കൂടുതല്‍ അടുക്കുന്നത് ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്നാണ് പ്രതിപക്ഷത്തിന്‍െറ വാദം. ചൈനീസ് ആഭ്യന്തരയുദ്ധത്തിനൊടുവില്‍  മാവോ സെ തുങ്ങില്‍നിന്ന് പരാജയമേറ്റുവാങ്ങിയ ചിയാങ് കൈഷെക് തായ്വാന്‍ ദ്വീപിലാണ് അഭയംതേടിയത്. 1949 മുതല്‍ സ്വതന്ത്ര രാജ്യമാണ് തായ്വാനെങ്കിലും ചൈന ഇത് അംഗീകരിച്ചിട്ടില്ല. വേറിട്ടുനില്‍ക്കുന്ന പ്രവിശ്യയാണ് തായ്വാന്‍ എന്നാണ് ചൈനയുടെ നിലപാട്. ഒൗദ്യോഗിക സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയാല്‍ സൈനിക ഇടപെടലുണ്ടാകുമെന്ന് ഭീഷണിയും. അതേസമയം, തായ്വാന്‍െറ പ്രധാന വ്യാപാരപങ്കാളിയാണ് ചൈന. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒട്ടേറെ വിമാനസര്‍വിസുകളുമുണ്ട്. ചില തായ്വാന്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിക്ഷേപവുമുണ്ട്. അതിനിടെ, ചൈനീസ് പ്രസിഡന്‍റിന്‍െറ സന്ദര്‍ശനത്തില്‍ തായ്വാനില്‍ വന്‍പ്രതിഷേധം. തായ്വാന്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ച 27 പേരെ പൊലീസ് അറസ്റ്റ്ചെയ്തു. ഇരുവരും താമസിച്ച സിംഗപ്പൂരിലെ ഹോട്ടലില്‍ മൂന്നുപേര്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.