സിന്‍ജാര്‍ തിരിച്ചുപിടിക്കാന്‍ കനത്ത പോരാട്ടം

ബഗ്ദാദ്: ഐ.എസ് തീവ്രവാദികളില്‍നിന്ന് വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന നഗരമായ സിന്‍ജാര്‍ തിരിച്ചുപിടിക്കുന്നതിന് യു.എസ് സഖ്യസേനകളുടെ സഹായത്തോടെ കുര്‍ദ് സേന പോരാട്ടം തുടങ്ങി.
ഐ.എസിനെതിരെ മേഖലയില്‍ സൈന്യം വ്യോമാക്രമണം നടത്തി. 8000 ഓളം സൈനികരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഐ.എസ് ശക്തികേന്ദ്രങ്ങള്‍ സൈന്യം ബോംബിട്ടു തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. 600 ഓളം ഐ.എസ് തീവ്രവാദികളാണ് സിന്‍ജാറിലുള്ളത്.  
സിന്‍ജാറിലേക്ക് പ്രവേശിക്കാന്‍ മൊസ്യൂളിനും റഖക്കും ഇടയിലുള്ള പ്രധാന പാത  സൈന്യം ഉപരോധിച്ചു. മാസങ്ങളായി ഇന്ധനവും മറ്റും കടത്തുന്നതിന് ഐ.എസിന്‍െറ പ്രധാന സഞ്ചാരമേഖലയായിരുന്നു ഇത്.  
സിറിയന്‍ അതിര്‍ത്തിയിലുള്ള നഗരമായ സിന്‍ജാര്‍ കഴിഞ്ഞ ആഗസ്റ്റിലാണ്  ഐ.എസ് പിടിച്ചെടുത്തത്. മേഖല തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്‍െറ ശ്രമങ്ങള്‍ ഐ.എസ് ചെറുത്തുതോല്‍പിക്കുകയായിരുന്നു.  നഗരം പിടിച്ചെടുത്തതോടെ യസീതി ഗോത്ര വിഭാഗത്തില്‍പെട്ട ആയിരക്കണക്കിന് പേര്‍ പലായനം ചെയ്തു. നൂറുകണക്കിന് പുരുഷന്മാരെ ഐ.എസ് കൊലപ്പെടുത്തി.
നിരവധി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് അടിമകളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരാതന ഗോത്രവര്‍ഗത്തില്‍പെട്ട യസീതികളുടെ മതപരമായ വിശ്വാസത്തെ ചോദ്യം ചെയ്താണ് ഐ.എസ് ആക്രമണം തുടര്‍ന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.