പാര്‍ലമെന്‍റില്‍ പ്രതിനിധികളില്ല; സൂചിയില്‍ പ്രതീക്ഷയര്‍പ്പിച്ച് റോഹിങ്ക്യകള്‍

യാംഗോന്‍: എന്‍.എല്‍.ഡി ഉള്‍പ്പെടെ മുന്‍നിര കക്ഷികള്‍ സീറ്റ് നിഷേധിക്കുകയും സ്വന്തം ലേബലില്‍ മത്സരിച്ചവര്‍ പരാജയപ്പെടുകയും ചെയ്തതോടെ മ്യാന്മര്‍ പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും ഇത്തവണ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് പ്രാതിനിധ്യമില്ല. കടുത്ത വിദ്വേഷപ്രചാരണം ഭൂരിപക്ഷമായ ബുദ്ധവിശ്വാസികളെ ഇളക്കിമറിച്ചപ്പോള്‍ 6074 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ വെറും 28 പേരാണ് റോഹിങ്ക്യന്‍ പ്രാതിനിധ്യമറിയിക്കാന്‍ രംഗത്തുണ്ടായിരുന്നത്. അവസാനഫലങ്ങള്‍ വന്നതോടെ ഒരാള്‍പോലും തെരഞ്ഞെടുക്കപ്പെട്ടില്ളെന്ന് ഉറപ്പായി. 99 ശതമാനം ഫലങ്ങളും അറിവായതില്‍ 390 സീറ്റുകള്‍ നേടി എന്‍.എല്‍.ഡി ഭരണമുറപ്പിച്ചിട്ടുണ്ട്. ഭരണപക്ഷമായ തൈന്‍ സൈനിന്‍െറ യു.എസ്.ഡി.പി 41 സീറ്റുകളിലൊതുങ്ങിയപ്പോള്‍ റോഹിങ്ക്യന്‍ മുസ്ലിംകളുടെ സംഘടന യുനൈറ്റഡ് നേഷന്‍സ് കോണ്‍ഗ്രസ് സംപൂജ്യരായി. റാഖൈന്‍ മേഖലയിലാണ് ഭാഗികമായെങ്കിലും റോഹിങ്ക്യകള്‍ രംഗത്തുണ്ടായിരുന്നത്. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ഒന്നരലക്ഷത്തോളം പേരില്‍ ഭൂരിപക്ഷത്തിനും വോട്ടവകാശമില്ലാത്തതിനാല്‍ പരാജയം ഉറപ്പാക്കിയായിരുന്നു ഇവരുടെ സ്ഥാനാര്‍ഥിത്വം. മ്യാന്മര്‍ സ്വദേശികളല്ളെന്നും ‘ബംഗാളികളാ’ണെന്നും സമ്മതിക്കാന്‍ തയാറായ ചിലര്‍ക്കുമാത്രമായിരുന്നു വോട്ടനുവദിച്ചത്. 2010ലും 2012ലും വോട്ട് ചെയ്തവര്‍പോലും പുറത്തായി. വോട്ടവകാശമുള്ളവരാകട്ടെ, ഇത്തവണ സൂചിയുടെ എന്‍.എല്‍.ഡിക്ക് വോട്ടുചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
പരസ്യമായി ഒപ്പംനിന്നില്ളെങ്കിലും ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്നും വിദ്വേഷ പ്രചാരണത്തിനിറങ്ങുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും സൂചി പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ന്യൂനപക്ഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.