ഫ്രാന്‍സിന്‍െറ തിരിച്ചടി; സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണം

പാരിസ്: ഐ.എസിന്‍െറ സിറിയയിലെ ശക്തികേന്ദ്രങ്ങളില്‍ ഫ്രാന്‍സ് കനത്ത വ്യോമാക്രമണം നടത്തി. ഐ.എസിന്‍െറ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റഖയിലാണ് ഫ്രഞ്ച് പോര്‍ വിമാനങ്ങള്‍ കനത്ത നാശം വിതച്ചത്. 129 പേര്‍ കൊല്ലപ്പെടുകയും 350ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പാരിസ് ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഫ്രാന്‍സിന്‍െറ ആക്രമണം. ഐ.എസ് താവളം, റിക്രൂട്ട്മെന്‍റ് കേന്ദ്രം, പരിശീലന ക്യാമ്പ്, ആയുധ കേന്ദ്രം എന്നിവ തകര്‍ത്തതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 30 തവണയാണ് വ്യോമാക്രമണം നടത്തിയത്.
അമേരിക്കന്‍ സൈന്യത്തിന്‍െറ സഹായത്തോടെയായിരുന്നു ആക്രമണം. ജോര്‍ഡന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍നിന്നാണ് സിറിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 12ഓളം യുദ്ധ വിമാനങ്ങള്‍ പുറപ്പെട്ടത്.

അതേസമയം, ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു.  പ്രധാനപ്രതിയെന്ന്  സംശയിക്കുന്ന മൂന്നു സഹോദരങ്ങളിലെ 26കാരനായ സലാഹ് അബ്ദുസ്സലാമിന്‍െറ ചിത്രവും പൊലീസ് പുറത്തുവിട്ടു. കുടിയേറ്റക്കാരനായ ഇയാള്‍ ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലെ മൊളാന്‍ബീക് തെരുവിലാണ് താമസിച്ചിരുന്നത്. പാരിസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയം പൊലീസും നിരവധി പേരെ അറസ്റ്റ്ചെയ്തിരുന്നു.

ഐ.എസിനെ ഒരു ദയയുമില്ലാതെ ആക്രമിക്കുമെന്നും ഇത് രാജ്യത്തിനെതിരെയുള്ള യുദ്ധമാണെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് വ്യക്തമാക്കിയിരുന്നു. അതേസമയം, ജിഹാദി ശൃംഖല തകര്‍ക്കാന്‍ മറ്റ് രാജ്യങ്ങളുമായി ഒരുമിച്ച് നീങ്ങുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാര്‍ഡ് കസന്യൂവ് പറഞ്ഞു. ഇദ്ദേഹം ബെല്‍ജിയന്‍ ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യീവ്സ് ലേ ഡ്രേന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുമായി ടെലിഫോണില്‍ സംസാരിച്ചു. മൂന്നു സംഘങ്ങളായി എത്തിയ ഭീകരരാണ് വെള്ളിയാഴ്ച ഫ്രാന്‍സില്‍ ആക്രമണം നടത്തിയത്.  ഇവരില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 പേര്‍ അറസ്റ്റിലായിട്ടുണ്ട്.


ആറു മാസത്തിനകം അധികാര മാറ്റത്തിനാണ് ഒബാമയും പുടിനും ധാരണയായത്

തുര്‍ക്കിയിലെ അന്‍റാലിയയില്‍ ജി20 ഉച്ചകോടിക്കിടെ ബറാക് ഒബാമയും വ്ളാദ്മിര്‍ പുടിനും ചര്‍ച്ച നടത്തുന്നു
 

ഡമസ്കസ്: സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെ മാറ്റി പുതിയ സര്‍ക്കാറിനെ വെക്കാനും യു.എന്‍ മേല്‍നോട്ടത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും തമ്മില്‍ ധാരണ. ജി20 ഉച്ചകോടിക്കിടെ തുര്‍ക്കിയിലെ അന്‍റാലിയയില്‍ നടന്ന സംഭാഷണത്തിലാണ് സിറിയയില്‍ പ്രശ്നപരിഹാരത്തിന് ഒന്നിക്കാന്‍ വന്‍ശക്തി നേതാക്കള്‍ പ്രതിജ്ഞ പുതുക്കിയത്. ഐ.എസ്, വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ റഷ്യന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, റഷ്യന്‍ പ്രതിനിധി എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.

മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേര്‍ അഭയാര്‍ഥികളാകുകയും അഞ്ചു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും രൂക്ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ സൈനികേതര നടപടികളുണ്ടാകുന്നില്ളെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
നിലവിലെ ഭരണസംവിധാനം തകര്‍ത്തും പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചും സൈനിക ഇടപെടല്‍ ശക്തമാക്കിയ വന്‍ശക്തി രാജ്യങ്ങള്‍ സിറിയന്‍ വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ഇനിയും നടത്തിയിട്ടില്ല. ഇതു പരിഹരിക്കുമെന്ന പ്രതീക്ഷിക്കുന്ന ഉഭയകക്ഷി സംഭാഷണം 35 മിനിറ്റ് നേരം നീണ്ടുനിന്നു.
ബശ്ശാര്‍ സര്‍ക്കാറിനെ മാറ്റി സിറിയക്കാര്‍ക്കുമാത്രം പ്രാതിനിധ്യമുള്ള സര്‍ക്കാറിനെ വെക്കാനാണ് തീരുമാനം. മുന്നോടിയായി എല്ലാ വിഭാഗങ്ങളെയും ഉള്‍പെടുത്തി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. നിലവില്‍ വിമതരെ കൂടി ലക്ഷ്യമിടുന്ന റഷ്യന്‍ വ്യോമാക്രമണം ഇനി ഐ.എസിനെതിരെ മാത്രമാക്കും.  

നേരത്തെ വിയനയില്‍ നടന്ന സിറിയന്‍ ചര്‍ച്ചകളിലും സിറിയയില്‍ വെടിനിര്‍ത്തലിന് തീരുമാനമായിരുന്നു. യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, അറബ് ലീഗ് എന്നീ സംഘടനകളുടെയും 17 രാജ്യങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ആറു മാസത്തിനകം അധികാരമാറ്റം നടപ്പാക്കാനും തീരുമാനമായി. അടുത്ത 18 മാസത്തിനിടെ തെരഞ്ഞെടുപ്പും നടത്തും. ഐ.എസിനു പുറമെ അല്‍നുസ്റ ഫ്രണ്ടിനെയും തീവ്രവാദികളായി കണക്കാക്കാനും തീരുമാനമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.